യു.എ.ഇ ഭരണകൂടം തടവുകാരോടും ബന്ധുക്കളോടും പ്രതികാരം തീര്‍ക്കുന്നു; ഐക്യരാഷ്ട്ര സഭയിലും പരാതിയെത്തി
World News
യു.എ.ഇ ഭരണകൂടം തടവുകാരോടും ബന്ധുക്കളോടും പ്രതികാരം തീര്‍ക്കുന്നു; ഐക്യരാഷ്ട്ര സഭയിലും പരാതിയെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 2:13 pm

അബുദാബി: യു.എ.ഇ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട അമ്പതോളം പ്രതികളെ ശിക്ഷാ കാലാവധി കഴിഞ്ഞ് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്തുവിടാത്തതിനെതിരെ സര്‍ക്കാരിനെ സമീപിച്ച് പ്രതികളുടെ കുടുംബം. 2019 മുതല്‍ ജയില്‍ മോചിതരാകേണ്ടിയിരുന്ന 51 ജയില്‍ പുള്ളികളുടെ പട്ടിക എമിറേറ്റ്‌സ് ഡീട്ടെയ്‌നീസ് അഡ്വക്കസി സെന്ററാണ് പുറത്തുവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രമാദമായ ‘യു.എ.ഇ 94’ കേസില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് 94 അല്‍ ഇസ്‌ല പ്രവര്‍ത്തകരെ 2013ലാണ് വിചാരണ നടത്തി ജയിലിലടച്ചത്. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികള്‍ വാദിച്ചിരുന്നത്.

 

യു.എ.ഇ സര്‍ക്കാര്‍ ജനാധിപത്യപരമായ നവീകരണങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 94 പ്രതികളും സര്‍ക്കാരിന് കത്തയച്ചിരുന്നു. ആഗോളതലത്തില്‍ അംഗീകാരമുള്ള ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടാന്‍ അധികാരമുള്ള ഒരു ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ വേണമെന്നും, ഭരണഘടനാ ചട്ടക്കൂടിലൊതുങ്ങി നില്‍ക്കുന്ന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നൊരു ഭരണ സംവിധാനം വേണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

 

കേസില്‍ പ്രതികളെന്ന് കണ്ട് ശിക്ഷിക്കപ്പെട്ടത് 69 പേരായിരുന്നു. ഇതില്‍ മിക്കവര്‍ക്കും 15 വര്‍ഷത്തെ തടവു ശിക്ഷയാണ് ലഭിച്ചത്. ഭൂരിഭാഗം പേരും ഇതിനോടകം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ്. ഈ അനീതിക്കെതിരെയാണ് തടവുകാരുടെ ബന്ധുക്കള്‍ യു.എ.ഇ ഭരണകൂടത്തെ സമീപിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘എന്റെ സഹോദരനെ 2023 മാര്‍ച്ചില്‍ പുറത്തുവിടേണ്ടതായിരുന്നു. ഞങ്ങളുടെ ആളുകള്‍ക്കെതിരായ ഈ അനീതി അംഗീകരിക്കാനാകില്ല. തടവുകാരെ ഉടന്‍ പുറത്തുവിടണം,’ തടവുകാരില്‍ ഒരാളുടെ സഹോദരനായ അഹമ്മദ് അല്‍ നുഐമി റോയിട്ടേഴ്‌സിനോട് പറഞ്ഞു. പത്തു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയിട്ടും തന്റെ പിതാവിനെ ജയിലില്‍ നിന്ന് വിട്ടയച്ചിട്ടില്ലെന്ന് ജെനാന്‍ അല്‍ മര്‍സൂക്കിയും പരാതിപ്പെട്ടു.

സമാധാനമായി പ്രതിഷേധിക്കുന്നവരെ പോലും യു.എ.ഇ ഭരണകൂടം ശിക്ഷിക്കുകയാണെന്നും അവരെ ബന്ധുക്കളെ പോലും മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. തടവുപുള്ളികള്‍ക്കെതിരായ യു.എ.ഇ ഭരണകൂടത്തിന്റെ പ്രതികാര നടപടിയെക്കുറിച്ച് തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.

യു.എ.ഇ തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ മാനിച്ചുകൊണ്ട് അവരെ ജയില്‍ മോചിതരാക്കണമെന്നും അമേരിക്കന്‍ പ്രതിനിധി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച 42ഓളം രാഷ്ട്രീയ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. നവംബറില്‍ യു.എ.ഇയില്‍ വെച്ച് നടക്കാനിരിക്കുന്ന കോപ് 28 യു.എന്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സിന് മുന്നോടിയായാണ് സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

CONTENT HIGHLIGHTS: ‘UAE 94’: Release 51 detainees held past jail terms, families demands