| Sunday, 17th March 2019, 8:35 am

എഴുത്തുകാരന്‍ യു.എ ഖാദറിന്റെ വോട്ട് റദ്ദാക്കാന്‍ ശ്രമം; അസഹിഷ്ണുതയെന്ന് യു.എ ഖാദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രമുഖ എഴുത്തുകാരന്‍ യു.എ ഖാദറിന്റെ വോട്ടവകാശം ഇല്ലാതാക്കാന്‍ ശ്രമം. കോഴിക്കോട് പൊക്കുന്നിലുള്ള വീട്ടില്‍ യു.എ ഖാദര്‍ താമസിക്കുന്നില്ലെന്ന് പറഞ്ഞ് ശരത്കുമാര്‍ എന്നയാളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് സമന്‍സ് വന്നപ്പോള്‍ നേരിട്ടെത്തി ഹാജരായാണ് വോട്ടവകാശം നഷ്ടപ്പെട്ടില്ലെന്ന് യു.എ ഖാദര്‍ ഉറപ്പ് വരുത്തിയത്.

തനിക്കെതിരെ പരാതി നല്‍കിയ ശരത്കുമാറിനെ അറിയാമെന്നും അസഹിഷ്ണുത കൊണ്ടാണ് തന്റെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും യു.എ ഖാദര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് വോട്ടവകാശം റദ്ദാക്കാതിരിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യു.എ ഖാദറിന് സമന്‍സ് വന്നത്. ഇതേ തുടര്‍ന്ന്
കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു.

പൊക്കുന്നിലെ വീട്ടില്‍ യു.എ ഖാദര്‍ താമസിക്കുന്നില്ലെന്ന് കാണിച്ച് ശരത് കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.താമസ രേഖകള്‍ കാണിച്ച ശേഷമാണ് വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കിയത്.

ഫാസിസത്തിലേക്കാണോ ഇന്ത്യ പോകേണ്ടത് അതല്ല ജനാധിപത്യത്തിലേക്കാണോ പോകേണ്ടത് എന്ന് നിര്‍ണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് നഷ്ടപ്പെടുത്തി കൂടാ എന്ന ചിന്തയിലാണ് ഈ വയ്യാത്ത കാലത്തും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തിയതെന്നും യു.എ ഖാദര്‍ പറഞ്ഞു.

കഴിഞ്ഞ 50 കൊല്ലമായി കോഴിക്കോട് പൊക്കുന്നിലാണ് യു.എ ഖാദര്‍ താമസിക്കുന്നത്. ഇത്രയും കാലം വോട്ട് ചെയ്തത് പൊക്കുന്ന് യു.പി സ്‌കൂളിലാണ്.

We use cookies to give you the best possible experience. Learn more