ന്യൂസിലാന്‍ഡിന് വേണ്ടി സെഞ്ച്വറിയടിച്ച തെലുങ്കന്‍; ലോകകപ്പില്‍ തകര്‍ത്തടിച്ച 'കുട്ടിക്കിവി'
Sports News
ന്യൂസിലാന്‍ഡിന് വേണ്ടി സെഞ്ച്വറിയടിച്ച തെലുങ്കന്‍; ലോകകപ്പില്‍ തകര്‍ത്തടിച്ച 'കുട്ടിക്കിവി'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 3:04 pm

U19 ലോകകപ്പ് ഗ്രൂപ്പ് ഡി-യില്‍ നേപ്പാളിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബഫല്ലോ പാര്‍ക്, ഈസ്റ്റ് ലണ്ടനില്‍ നടന്ന മത്സരത്തില്‍ 64 റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമാണ് കിവികള്‍ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ കിവികള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 25 പന്തില്‍ 14 റണ്‍സ് നേടിയ ലൂക് വാട്‌സണിന്റെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. മൂന്നാം നമ്പറില്‍ സ്‌നേഹിത് റെഡ്ഡിയാണ് കളത്തിലിറങ്ങിയത്.

സ്‌നേഹിത് കളത്തിലെത്തിയതിന് പിന്നാലെ മറുവശത്ത് തുടരെ തുടരെ രണ്ട് വിക്കറ്റുകള്‍ വീണു. ഓപ്പണര്‍ ടോം ജോണ്‍സ് 33 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒലിവര്‍ തെവാട്ടിയ ബ്രോണ്‍സ് ഡക്കായും പുറത്തായി.

എന്നാല്‍ അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ ഓസ്‌കാര്‍ ജാക്‌സണ്‍ കളത്തിലിറങ്ങിയതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ 157 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

 

 

ടീം സ്‌കോര്‍ 224ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ഓസ്‌കാര്‍ ജാക്‌സണെ ആകാശ് ത്രിപാഠി പുറത്താക്കി. 81 പന്തില്‍ 75 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയവര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ മറുവശത്ത് നിന്ന് റെഡ്ഡി തകര്‍ത്തടിച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്.

125 പന്തില്‍ പുറത്താകാതെ 147 റണ്‍സടിച്ച സ്‌നേഹിത് റെഡ്ഡി കിവീസ് നിരയില്‍ തരംഗമായി. 11 ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ന്യൂസിലാന്‍ഡ് സീനിയര്‍ ടീമിലെ ഇഷ് സോധിയെയും രചിന്‍ രവീന്ദ്രയെയും പോലെ സ്‌നേഹിത് റെഡ്ഡിക്കും ഒരു ഇന്ത്യ കണക്ഷനുണ്ട്. താരം ജനിച്ചത് ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ്. ശേഷം താരത്തിന്റെ കുടുംബം ന്യൂസിലാന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു.

സ്‌നേഹിത്തിന്റെ കരുത്തില്‍ 303 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡ് നേപ്പാളിന് മുമ്പില്‍ വെച്ചത്. എന്നാല്‍ ആ ലക്ഷ്യത്തിലെക്കെത്താന്‍ നേപ്പാളിന് സാധിച്ചില്ല.

104 പന്തില്‍ 90 റണ്‍സുമായി അര്‍ജുന്‍ കുമല്‍ ശ്രമിച്ചുനോക്കിയെങ്കിലും മറ്റുളവരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ നേപ്പാളിന് തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു.

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേപ്പാളിന് നേടാന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഡി-യില്‍ പാകിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്. ജനുവരി 23നാണ് ന്യൂസലിലാന്‍ഡിന്റെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

 

Content Highlight: U19 World Cup, Snehith Reddy scored century