| Tuesday, 16th January 2024, 6:07 pm

ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; പാകിസ്ഥാനും ഇന്ത്യയും വിവിധ ഗ്രൂപ്പുകളില്‍; ഫൈനല്‍ ഫെബ്രുവരി 11ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി U19 ലോകകപ്പിന് ജനുവരി 19ന് കൊടിയേറുകയാണ്. കൗമാര താരങ്ങളുടെ സൂപ്പര്‍ പോരാട്ടത്തിന് വേദിയാകുന്നത് സൗത്ത് ആഫ്രിക്കയാണ്. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്.

ഗ്രൂപ്പ് എ

ബംഗ്ലാദേശ്, ഇന്ത്യ, അയര്‍ലന്‍ഡ്, യു.എസ്.എ

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്, സ്‌കോട്‌ലാന്‍ഡ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്

ഗ്രൂപ്പ് സി

ഓസ്‌ട്രേലിയ, നമീബിയ, ശ്രീലങ്ക, സിംബാബ് വേ

ഗ്രൂപ്പ് ഡി

അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍.

ജനുവരി 19ന് അയര്‍ലന്‍ഡും അമേരിക്കയുമാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. മംഗൗങ് ഓവലാണ് വേദി. അന്നേ ദിവസം തന്നെ സെന്‍വെസ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും.

ഫെബ്രുവരി 11ന് സഹാറ പാര്‍ക്ക് വില്ലോമൂറിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അരങ്ങറുന്നത്.

ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനികള്‍ ഇന്ത്യ തന്നെയാണ്. ഉദയ് ശരണിന്റെ നേതൃത്വത്തില്‍ ലോകകപ്പിലെ ആറാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഐ.സി.സി U19 ലോകകപ്പില്‍ ഏറ്റവുമധികം തവണ കിരീടം നേടിയത് ഇന്ത്യയാണ്. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണായ 2000ലാണ് ഇന്ത്യ ആദ്യമായി കിരീടം നേടുന്നത്. ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്ത് മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ ഇന്ത്യ കൗമാര ക്രിക്കറ്റിന്റെ കൊടുമുടി കയറി.

ശേഷം 2008ല്‍ വിരാട് കോഹ്‌ലി, 2012ല്‍ ഉന്‍മുക്ത് ചന്ദ്, 2018ല്‍ പൃഥ്വി ഷാ, 2022ല്‍ യാഷ് ധുള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകീരിടമണിഞ്ഞു.

ആകെ നടന്ന 14 സീസണില്‍ ഇന്ത്യ അഞ്ച് തവണ ചാമ്പ്യന്‍മാരായപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് തവണയും പാകിസ്ഥാന്‍ രണ്ട് തവണയും കീരീടം നേടി. ഈ മൂന്ന് ടീമുകള്‍ മാത്രമാണ് U19 ലോകകപ്പില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായത്. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ ഓരോ തവണയും ലോകകപ്പുയര്‍ത്തി.

ജനുവരി 20 ശനിയാഴ്ച മംഗൗങ് ഓവലില്‍ ബംഗ്ലാദേംശിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന സമ്മര്‍ദവും ഇന്ത്യക്കുണ്ട്. എന്നാല്‍ ആ സമ്മര്‍ദമെല്ലാം അതിജീവിച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ U19 ലോകകപ്പ് സ്‌ക്വാഡ്

ആദര്‍ശ് സിങ്, ആന്‍ഷ് ഗോസായി, ദിഗ്‌വിജയ് പാട്ടില്‍, മുഹമ്മദ് അമാന്‍, പ്രിയാംശു മോലിയ, രുദ്ര മയൂര്‍ പട്ടേല്‍, സച്ചിന്‍ ദാസ്, ഉദയ് ശരണ്‍ (ക്യാപ്റ്റന്‍), അര്‍ഷിന്‍ കുല്‍ക്കര്‍ണി, ജയന്ത് ഗോയത്, കിരണ്‍ ചോര്‍മലെ, മുരുഗന്‍ പെരുമാള്‍ അഭിഷേക്, മുഷീര്‍ ഖാന്‍, ആരവല്ലി അവനിഷ് റാവു (വിക്കറ്റ് കീപ്പര്‍) ഇന്നേഷ് മഹാജന്‍ (വിക്കറ്റ് കീപ്പര്‍), ആരാധ്യ ശുക്ല, ധനുഷ് ഗൗഡ, നമന്‍ തിവാരി, പി. വിഗ്നേഷ്, പ്രേം ദേവ്കര്‍, രാജ് ലിംബാനി, സൗമി കുമാര്‍ പാണ്ഡേ.

Content Highlight: U19 World Cup, India will face Bangladesh in their first match

Latest Stories

We use cookies to give you the best possible experience. Learn more