വീണ്ടും 300; ഒരു ദയവുമില്ലാതെ അടിച്ചുകൂട്ടി; ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന ഫോര്‍മുലകള്‍
Sports News
വീണ്ടും 300; ഒരു ദയവുമില്ലാതെ അടിച്ചുകൂട്ടി; ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന ഫോര്‍മുലകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 7:57 pm

 

അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കക്കെതിരായ മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചു. 46 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ആദര്‍ശ് സിങ്ങും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് സ്വന്തമാക്കിയത്.

37 പന്തില്‍ 25 റണ്‍സ് നേടിയ ആദര്‍ശിനെ പുറത്താക്കി അതീന്ദ്ര സുബ്രഹ്‌മണ്യന്‍ യു.എസിന് ആദ്യ ബ്രേക് ത്രൂ നല്‍കി. പാര്‍ത്ഥ് പട്ടേലിന് ക്യാച്ച് നല്‍കിയാണ് സിങ് പുറത്തായത്.

വണ്‍ ഡൗണായി കഴിഞ്ഞ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഷീര്‍ ഖാനെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. അര്‍ഷിന്‍-മുഷീര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ അമേരിക്കക്ക് മേല്‍ കോട്ട പണിതുകൊണ്ടിരുന്നു.

ടീം സ്‌കോര്‍ 46 ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 201ല്‍ നില്‍ക്കവെയാണ്. റിഷി രമേശിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച മുഷീറിന് പിഴയ്ക്കുകയും ആരിന്‍ സുശീല്‍ നാട്കര്‍ണിയുടെ കൈകളില്‍ ഒതുങ്ങുകയുമായിരുന്നു. അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ മുഷീര്‍ യു.എസിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 76 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും അടക്കം 73 റണ്‍സാണ് താരം നേടിയത്.

മുഷീറിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഉദയ് ശരണിനെ കൂട്ടുപിടിച്ച് കുല്‍ക്കര്‍ണി വീണ്ടും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ക്യാപ്റ്റനും തിരികെ നടന്നു. 27 പന്തില്‍ 35 റണ്‍സാണ് ഉദയ് നേടിയത്.

ഉദയ് ശരണിന് തൊട്ടുപിന്നാലെ കുല്‍ക്കര്‍ണിയും പുറത്തായി. 118 പന്തില്‍ എട്ട് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 108 റണ്‍സാണ് താരം നേടിയത്.

ടീം സ്‌കോര്‍ 259ല്‍ നില്‍ക്കവെ അര്‍ഷിന്‍ കുല്‍ക്കര്‍ണി പുറത്തായെങ്കിലും പിന്നാലെയെത്തിയ പ്രിയാന്‍ഷു മോലിയ (27*), സച്ചിന്‍ ദാസ് (20), ആരാവല്ലി അവിനാഷ് റാവു (12*) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 326 എന്ന നിലയിലെത്തി.

യു.എസ്.എക്കായി അതീന്ദ്ര സുബ്രഹ്‌മണ്യന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്യ ഗാര്‍ഗ്, ക്യാപ്റ്റന്‍ റിഷി രമേഷ്, ആരിന്‍ സുശില്‍ നാട്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

327 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ 27 ഓവര്‍ പിന്നിടുമ്പോള്‍ 72ന് നാല് എന്ന നിലയിലാണ്. പ്രണവ് ചെട്ടിപ്പാളയം (അഞ്ച് പന്തില്‍ രണ്ട്), ഭവ്യ മേത്ത (രണ്ട് പന്തില്‍ പൂജ്യം) സിദ്ധാര്‍ത്ഥ് കാപ്പ (60 പന്തില്‍ 18), ക്യാപ്റ്റന്‍ റിഷ് രമേഷ് എന്നിവരുടെ വിക്കറ്റാണ് യു.എസ്.എക്ക് നഷ്ടമായിരിക്കുന്നത്.

67 പന്തില്‍ 36 റണ്‍സുമായി ഉത്കര്‍ഷ് ശ്രീവാസ്തവയും പത്ത് പന്തില്‍ ഏഴ് റണ്‍സുമായി അമോഘ് റെഡ്ഡി ആരേപ്പള്ളിയുമാണ് ക്രീസില്‍.

 

Content Highlight: U19 World Cup, India vs USA, Arshin Kulkarni scored centaury