സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ കയറും മുമ്പ് രണ്ട് വിക്കറ്റ്; ലോകകപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം
Sports News
സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ കയറും മുമ്പ് രണ്ട് വിക്കറ്റ്; ലോകകപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 6:50 pm

അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മോശം തുടക്കം. ഇന്ത്യക്കെതിരായ മത്സരത്തില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീണാണ് കിവികള്‍ പതറുന്നത്.

ഇന്ത്യ ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് ആദ്യ പന്തില്‍ തന്നെ പിഴച്ചു. രാജ് ലിംബാനിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്തില്‍ പിച്ച് ചെയ്ത പന്ത് ന്യൂസിലാന്‍ഡ് ഓപ്പണര്‍ തോമസ് ജോണ്‍സിന്റെ കുറ്റി തെറിപ്പിച്ചു.

ഓവറിലെ അഞ്ചാം പന്തില്‍ ലിംബാനി വീണ്ടും വിക്കറ്റ് നേടി. ഇത്തവണ ഇന്ത്യന്‍ വംശജനായ സ്‌നേഹിത് റെഡ്ഡി ദേവിറെഡ്ഡിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ലിംബാനി മടക്കിയത്. നാല് പന്ത് നേരിട്ട് ഒറ്റ റണ്‍ പോലും നേടാന്‍ സാധിക്കാതെയാണ് സ്‌നേഹിത് റെഡ്ഡി പുറത്തായത്.

ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ കിവികള്‍ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ലാച്‌ലന്‍ സ്റ്റാക്‌പോളിന്റെ വിക്കറ്റാണ് കിവികള്‍ക്ക് നഷ്ടമായത്. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായി നില്‍ക്കവെ സൗമി കുമാര്‍ പാണ്ഡേ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

അധികം വൈകാതെ നാലാമനെയും മടക്കി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ടീം സ്‌കോര്‍ 22ല്‍ നില്‍ക്കവെ ഓപ്പണര്‍ ജെയിംസ് നെല്‍സണെ മടക്കിയ പാണ്ഡേ ഇന്ത്യയെ വീണ്ടും ഡ്രൈവിങ് സീറ്റിലിരുത്തി. 27 പന്തില്‍ 10 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 23ന് നാല് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ആറ് പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ ഓസ്‌കാര്‍ തോമസ് ജാക്‌സണും ഒരു പന്തില്‍ ഒരു റണ്‍സുമായി ഒലിവര്‍ തേവാട്ടിയയുമാണ് ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുഷീര്‍ ഖാന്റെ സെഞ്ച്വറിക്ക് പിന്നാലെയാണ് മികച്ച സ്‌കോറിലെത്തിയത്. 126 പന്തില്‍ 131 റണ്‍സ് നേടിയാണ് മുഷീര്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോര്‍ 28ല്‍ നില്‍ക്കവെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ അര്‍ഷില്‍ കുല്‍ക്കര്‍ണിയെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സാണ് താരം സ്വന്തമാക്കിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ മുഷീര്‍ ഖാന്‍ ഓപ്പണര്‍ ആദര്‍ശ് സിങ്ങിനൊപ്പം ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടു. 28ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 105ല്‍ നില്‍ക്കവെയാണ്.

സിങ്ങിനെ പുറത്താക്കി സാക് അലന്‍ ജെയിംസ് കമ്മിങ്ങാണ് കിവികള്‍ക്ക് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ആദര്‍ശ് സിങ് കളം വിട്ടത്. 58 പന്തില്‍ 52 റണ്‍സ് നേടിയാണ് സിങ് പുറത്തായത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഉദയ് ശരണ്‍ (57 പന്തില്‍ 34), വിക്കറ്റ് കീപ്പര്‍ ആരാവല്ലി അവിനാഷ് റാവു (18 പന്തില്‍ 17), പ്രിയാന്‍ഷു മോലിയ (12 പന്തില്‍ 10) എന്നിവര്‍ക്കൊപ്പം ചെറുതും വലുതുമായ കൂട്ടുകെട്ടുണ്ടാക്കിയ മുഷീര്‍ ഖാന്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

ടീം സ്‌കോര്‍ 275ല്‍ നില്‍ക്കവെ മേസണ്‍ ക്ലാര്‍ക്കിന്റെ പന്തില്‍ സാക് അലന്‍ ജെയിംസ് കമ്മിങ്ങിന് ക്യാച്ച് നല്‍കി ഖാനും പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 295 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡിനായി മേസണ്‍ ക്ലാര്‍ക് നാല് വിക്കറ്റ് വീഴ്ത്തി. സാക് അലന്‍ ജെയിംസ് കമ്മിങ്, റയാന്‍ സൗര്‍ഗസ്, എഡ്വാര്‍ഡ് വോര്‍ട്ടര്‍ ഷ്രൂഡ്ലെര്‍, ഒലിവര്‍ തേവാട്ടിയ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

 

Content Highlight: U19 World Cup: India vs New Zealand updates