ലക്ഷ്യം തുടര്‍ച്ചയായ നാലാം മത്സരത്തിലും 200 റണ്‍സിന്റെ വിജയം; ഇന്ത്യയുടെ ഭാവി കളത്തിലേക്ക്
Sports News
ലക്ഷ്യം തുടര്‍ച്ചയായ നാലാം മത്സരത്തിലും 200 റണ്‍സിന്റെ വിജയം; ഇന്ത്യയുടെ ഭാവി കളത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 1:54 pm

 

അണ്ടര്‍ 19 ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് ഇന്ത്യയിറങ്ങുന്നത്. മംഗൗങ് ഓവലില്‍ നടക്കുന്ന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ അയല്‍ക്കാരായ നേപ്പാളാണ് എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഉദയ് ശരണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ വിജയം തുടര്‍ന്ന് തങ്ങളുടെ സ്ട്രീക് നിലനിര്‍ത്താനാണ് ഇന്ത്യയുടെ കൗമാരതാരങ്ങള്‍ ഒരുങ്ങുന്നത്. ഇതിന് മുമ്പ് നടന്ന നാല് മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.

തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ 200+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിച്ച ഇന്ത്യ നേപ്പാളിനെതിരെയും ഈ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ 201 റണ്‍സിന് വിജയിച്ച ഇന്ത്യ യു.എസ്.എക്കെതിരെയും 201 റണ്‍സിന് വിജയിച്ചിരുന്നു. സൂപ്പര്‍ സിക്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 214 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്.

മൂന്ന് മത്സരത്തിലും ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ നിന്നും സെഞ്ച്വറിയും പിറന്നിരുന്നു. അയര്‍ലന്‍ഡിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും മുഷീര്‍ സിങ് സെഞ്ച്വറി നേടിയപ്പോള്‍ യു.എസ്.എക്കെതിരെ അര്‍ഷില്‍ കുല്‍ക്കര്‍ണിയാണ് ട്രിപ്പിള്‍ ഡിജിറ്റ് കണ്ടെത്തിയത്.

ന്യൂസിലാന്‍ഡിനെതിരെയും 200+ റണ്‍സിന് വിജയിച്ചതിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും ഇന്ത്യന്‍ ടീമിനെ തേടിയെത്തിയിരുന്നു. അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ ഈ മാര്‍ജിന് വിജയിക്കുന്നത്. നേപ്പാളിനെതിരെയും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.

കടലാസിലെ കരുത്തര്‍ ഇന്ത്യ തന്നെയാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൂന്നില്‍ ഒരു മത്സരം മാത്രമാണ് നേപ്പാളിന് ഗ്രൂപ്പ് ഡി-യില്‍ വിജയിക്കാന്‍ സാധിച്ചത്. സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ നേപ്പാള്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരുന്നു.

എന്നാല്‍ പരാജമറിയാത്ത ഇന്ത്യയെ നേപ്പാള്‍ അട്ടിമറിക്കുമോ എന്ന് കാത്തിരിക്കുന്നവരും കുറവല്ല.

അതേസമയം, രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ച് പന്തില്‍ ഒരു റണ്ണുമായി അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ഏഴ് പന്തില്‍ എട്ട് റണ്‍സുമായി ആദര്‍ശ് സിങ്ങുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ആദര്‍ശ് സിങ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്‍, ഉദയ് ശരണ്‍ (ക്യാപ്റ്റന്‍), പ്രിയാന്‍ഷു മോലിയ, സച്ചിന്‍ ദാസ്, ആരാവല്ലി അവിനാഷ് റാവു (വിക്കറ്റ് കീപ്പര്‍), മുരുഗന്‍ പെരുമള്‍ അഭിഷേക്, രാജ് ലിംബാനി. സൗമി കുമാര്‍ പാണ്ഡേ, ആരാധ്യ ശുക്ല.

നേപ്പാള്‍ പ്ലെയിങ് ഇലവന്‍

അര്‍ജുന്‍ കുമാല്‍, ദീപക് ബോഹ്ര, ഉത്തം ഥാപ്പ മാഗര്‍ (വിക്കറ്റ് കീപ്പര്‍), ദേവ് ഖാനല്‍ (ക്യാപ്റ്റന്‍), ബിശാല്‍ ബിക്രം കെ.സി, ദീപക് ധുമ്രെ, ഗുല്‍സന്‍ ഝാ, ദീപേഷ് പ്രസാദ് കണ്ഡേല്‍, സുഭാഷ് ഭണ്ഡാരി, ആകാശ് ചന്ദ്, ദുര്‍ഗേഷ് ഗുപ്ത.

 

Content highlight: U19 World Cup: India vs Nepal first updates