U19 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് – യു.എ.ഇ ഫൈനല്‍. സെമി ഫൈനലില്‍ യഥാക്രമം ഇന്ത്യയെയും പാകിസ്ഥാനെയും തകര്‍ത്താണ് ബംഗ്ലാദേശും യു.എ.ഇയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ 11 റണ്‍സിനാണ് യു.എ.ഇ പാകിസ്ഥാനെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 47.5 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി നേടിയ ആയന്‍ അഫ്‌സല്‍ ഖാനാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 57 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്.
ഖാന് പുറമെ 70 പന്തില്‍ 46 റണ്‍സ് നേടിയ ആര്യാംശ് ശര്‍മയും 63 പന്തില്‍ 37 റണ്‍സ് നേടിയ ഈഥന്‍ കാള്‍ ഡിസൂസയും സ്‌കോറിങ്ങില്‍ തുണയായി.
പാകിസ്ഥാനായി ഉബൈദ് ഷാ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറഫാത്ത് മിന്‍ഹാസും അലി അസ്ഫന്ദും രണ്ട് വിക്കറ്റ് വീതം നേടി.
50 ഓവറില്‍ 194 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 49.3 ഓവറില്‍ 182ന് പുറത്തായി. 52 പന്തില്‍ 50 റണ്‍സ് നേടിയ സാദ് ബായിഗും 71 പന്തില്‍ 41 റണ്‍സ് നേടിയ അസാന്‍ അവായിസും ചെറുത്തുനിന്നെങ്കിലും ജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
യു.എ.ഇക്കായി അയ്മന്‍ അഹ്‌മദും ഹര്‍ദിക് പൈയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഐ.സി.സി അക്കാദമി ഗ്രൗണ്ട് നമ്പര്‍ ടുവില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 43 പന്ത് ശേഷിക്കവെയായിരുന്നു ‘കുട്ടിക്കടുവകളുടെ’ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മുരുഗന്‍ പെരുമാള്‍ അഭിഷേക്, മുഷീര്‍ ഖാന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. അഭിഷേക് 74 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ 61 പന്തില്‍ 50 റണ്‍സാണ് മുഷീര്‍ ഖാന്‍ സ്വന്തമാക്കിയത്.
ബംഗ്ലാദേശിനായി മാറൂഫ് മ്രിദാ 41 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി.
താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനായി ആരിഫുള്‍ ഇസ്‌ലാം തകര്‍ത്തടിച്ചു. 90 പന്തില്‍ 94 റണ്‍സാണ് താരം നേടിയത്. 101 പന്തില്‍ 44 റണ്‍സ് നേടി അഹര്‍ ആമിനാണ് അടുത്ത ടോപ് സ്‌കോറര്‍.
ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയം സ്വന്തമാക്കി.
ഡിസംബര്‍ 17നാണ് യു.എ.ഇ – ബംഗ്ലാദേശ് ഫൈനല്‍ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.
ഇതാദ്യമായാണ് യു.എ.ഇ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. 2019ല്‍ ബംഗ്ലാദേശ് ആദ്യമായി ഫൈനലിന് യോഗ്യത നേടിയിരുന്നെങ്കിലും ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു.
1989 മുതല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷനാണ് നടക്കുന്നത്. മുമ്പ് എട്ട് തവണ ഇന്ത്യയും ഒരിക്കല്‍ അഫ്ഗാനിസ്ഥാനുമാണ് കപ്പുയര്‍ത്തിയത്.
Content Highlight: U19 Asia cup: UAE vs Bangladesh final