| Friday, 12th January 2018, 2:27 pm

ഇതാണ് ബി.ജെ.പി നേതാക്കളുടെ തനിനിറം; എഫ്.ഡി.ഐ വിഷയത്തില്‍ മോദിയടക്കമുള്ള നേതാക്കള്‍ യു.പി.എ കാലത്ത് പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പി.എ സര്‍ക്കാര്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവന്നപ്പോള്‍ ഏറ്റവുമധികം എതിര്‍ത്തത് ബി.ജെ.പിയായിരുന്നു. മോദി, വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കളായിരുന്നു എഫ്.ഡി.ഐയ്ക്കെതിരെ ശക്തമായി രംഗത്തുവന്നത്. എന്നാലിപ്പോള്‍ എന്‍.ഡി.എ അധികാരത്തിലിരിക്കെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുകൂലമായ നടപടിയുമായി മുന്നോട്ടുപോകുകയാണ് മോദി സര്‍ക്കാര്‍. ഏകബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതിയില്ലാതെ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുല്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കൈക്കൊണ്ടത്.

അധികാരത്തിലെത്തുന്നതിനു മുമ്പും ശേഷവും ഈ നേതാക്കള്‍ എഫ്.ഡി.ഐയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ ഈ വിഷയത്തില്‍ ഇവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണ്.

മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് പറഞ്ഞത്:

2012 സെപ്റ്റംബര്‍ 12നാണ് മോദി എഫ്.ഡി.ഐയ്ക്കെതിരെ ആഞ്ഞടിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ “വിദേശികള്‍ക്കായുള്ള സിംഹം” എന്നാണ് മോദി വിശേഷിപ്പിച്ചത്. ചില്ലറ മേഖലയില്‍ എഫ്.ഡി.ഐ അനുവദിക്കുന്നതിലൂടെ എത്ര “ഇറ്റാലിയന്‍ ബിസിനസുകാര്‍ക്ക്” ഗുണമുണ്ടാവുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് ചോദിച്ചുകൊണ്ട് അദ്ദേഹത്തെ മോദി പരിഹസിക്കുകയും ചെയ്തിരുന്നു. “വിദേശ കച്ചവടക്കാരെ ഇന്ത്യയില്‍ നിങ്ങള്‍ അനുവദിക്കുകയാണ്. ഇറ്റലിയ്ക്ക് എത്രശതമാനമാണ് അനുവദിച്ചതെന്ന് രാജ്യത്തിന് അറിയാന്‍ താല്‍പര്യമുണ്ട്.” എന്നായിരുന്നു പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.

“എത്ര ഇറ്റാലിയന്‍ ബിസിനസുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും? ഗ്രോസറി സ്റ്റോറുകള്‍ തുടങ്ങാന്‍ എത്ര ഇറ്റലിക്കാര്‍ ഇന്ത്യയിലേക്കുവരുന്നുണ്ട്?” എന്നും മോദി ചോദിച്ചിരുന്നു. ഭാവ്നഗറില്‍ യൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012 ഡിസംബര്‍ അഞ്ചിന് ട്വിറ്ററിലൂടെയും മോദി എഫ്.ഡി.ഐയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ” രാജ്യത്തെ വിദേശികള്‍ക്കു നല്‍കുകയാണ് മോദി. സി.ബി.ഐയെ പേടിച്ചാണ് മിക്ക പാര്‍ട്ടികളും എഫ്.ഡി.ഐയെ എതിര്‍ക്കുന്നത്. ചിലര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്തില്ല. പിന്‍വാതിലിലൂടെയാണ് കോണ്‍ഗ്രസ് ജയിച്ചത്.” എന്നും മോദി പറഞ്ഞിരുന്നു.

അരുണ്‍ജെയ്റ്റ്ലി പറഞ്ഞത്:

അവസാനശ്വാസം വരെ തങ്ങളുടെ പാര്‍ട്ടി എഫ്.ഡി.ഐയെ എതിര്‍ക്കുമെന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലി 2013 മാര്‍ച്ചില്‍ പറഞ്ഞത്. ജസ്റ്റിസ് ഖെഹാര്‍

“രാജ്യത്തെ ഉപഭോക്താവിനും, കര്‍ഷകര്‍ക്കും, കച്ചവടക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരാണ് എഫ്.ഡി.ഐ. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്. അവസാനശ്വാസം വരെ ഈ എതിര്‍പ്പ് തുടരും.” എന്നാണ് രാം ലീല മൈതാനിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ജെയ്റ്റ്ലി പറഞ്ഞത്.

“ഈ രാജ്യത്തെ കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കുമൊപ്പമാണ് ഞങ്ങള്‍” എന്നു പറഞ്ഞുകൊണ്ടായിരുന്നു ജെയ്റ്റ്ലി ഇങ്ങനെ പറഞ്ഞത്.

വെങ്കയ്യ നാഡിയു പറഞ്ഞത്:

എഫ്.ഡി.ഐ കൊണ്ടുവരാനുള്ള യു.പി.എ നീക്കത്തിനെതിരെ “എഫ്.ഡി.ഐയെ തകര്‍ക്കൂ, ഇന്ത്യയെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം വിളിച്ചാണ് വെങ്കയ്യ നായിഡു പ്രതിഷേധിച്ചത്.

ഇന്ത്യന്‍ വാണിജ്യരംഗത്തെ ഈ നീക്കം കൊല്ലും എന്നാണ് എഫ്.ഡി.ഐയെ വിമര്‍ശിച്ചുകൊണ്ട് 2012 സെപ്റ്റംബര്‍ 30ന് വെങ്കയ്യ നായിഡു മാധ്യമങ്ങളോടു പറഞ്ഞത്. ബഹുരാഷ്ട്ര കുത്തകകളെ ചില്ലറ മേഖലകളില്‍ അനുവദിച്ചാല്‍ ചെറുകിട വ്യവസായം ബിസിനസ് രംഗത്തുനിന്നും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചില്ലറ മേഖലയില്‍ എഫ്.ഡി.ഐ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നില്‍ സര്‍ക്കാറിന്റെ സ്ഥാപിത താല്‍പര്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. കൂടാതെ എന്‍.ഡി.എ ഭരണകാലത്ത് എഫ്.ഡി.ഐയെ എതിര്‍ത്തയാളാണ് മന്‍മോഹന്‍ സിങ്ങെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more