കോഴിക്കോട്: മലപ്പുറത്ത് പരിശീലനത്തിന് പറ്റിയ സ്റ്റേഡിയമില്ലെന്ന ആഷിഖ് കുരുണിയന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി. ജില്ലാ ആസ്ഥാനങ്ങളില്‍ ഗ്രൗണ്ടുകളുണ്ടെന്നും രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ ആയിരം കോടി രൂപ ഗ്രൗണ്ട് വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും ഷറഫലി മീഡിയവണിനോട് പറഞ്ഞു.
‘സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ നിലമ്പൂരില്‍ മൈതാനം നിര്‍മിച്ചിട്ടുണ്ട്. തിരൂരിലും കാലിക്കറ്റ് സര്‍വകലാശാലയിലും മൈതാനങ്ങളുണ്ട്. മെസിയെ കൊണ്ടുവരുന്നതും അടിസ്ഥാന സൗകര്യമൊരുക്കുന്നതും രണ്ടായി കാണണം. മെസിയെ പോലെയുള്ള താരങ്ങളെ കേരളത്തില്‍ എത്തിക്കുന്നത് ഫുട്ബോളിന്റെ ജനകീയത വര്‍ധിപ്പിക്കാനാണ്,’ ഷറഫലി പറഞ്ഞു.
അതേസമയം, ആഷിഖ് പറഞ്ഞതിനോട് യോജിക്കുന്നുവെന്നും ഗ്രൗണ്ട് ഉണ്ടെങ്കിലേ ഇന്ത്യയില്‍ താരങ്ങളുണ്ടാകൂവെന്നും ഐ.എം. വിജയനും മീഡിയവണിനോട് പറഞ്ഞു. ‘ഇത്ര പണം മുടക്കി കളി സംഘടിപ്പിച്ചിട്ട് ലയണല്‍ മെസി വന്നില്ലെങ്കില്‍ എന്തു ചെയ്യും.
അവര്‍ വന്നാല്‍ കളി കാണാമെന്ന കാര്യം മാത്രമേയുള്ളൂ. മെസിയെ കാണാമെന്ന ഗുണമേയുള്ളൂ. താന്‍ കുറ്റം പറയുന്നതല്ല. ഇത് കേരളത്തിലെയും ഇന്ത്യയിലെയും താഴെക്കിടയിലുള്ള താരങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ആഷിഖ് പറഞ്ഞത് പോയിന്റാണ്,’ വിജയന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന താരങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്രൗണ്ടുകളില്‍ ആരുടെയും അനുമതിയില്ലാതെ പരിശീലിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരമായ ബിനീഷ് കിരണ്‍ പറഞ്ഞു. ആഷിഖ് പറഞ്ഞത് സത്യമാണെന്നും പഞ്ചായത്തുകള്‍ തോറും ഗ്രൗണ്ടുകള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം എബിന്‍ റോസ് വിമര്‍ശിച്ചു.