ബാഗ്ദാദ്: തുടര്‍ച്ചയായി ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കാരണം 2026 ഓട് കൂടി ഇറാഖില്‍ നിന്ന് പൂര്‍ണമായി പിന്‍മാറാനൊരുങ്ങി യു.എസ് സൈന്യം. ഇരുരാജ്യങ്ങളും നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് തീരുമാനം.
എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഗ്ദാദിലേയും വാഷിങ്ടണിലേയും ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനയ്ക്ക് ശേഷമാവും പുറത്തുവിടുകയെന്ന് യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നടപടിയുടെ ആദ്യഘട്ടമെന്നോണം അടുത്ത വര്‍ഷം സെപ്റ്റംബറോട് കൂടി നൂറ് കണക്കിന് സൈനികരെ പിന്‍വലിക്കും. 2026ന്റെ അവസാനത്തില്‍ സൈന്യം പൂര്‍ണമായി പിന്‍വലിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ 25,000 വരുന്ന യു.എസ് സൈനികരുടെ പിന്‍മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഈ വര്‍ഷം ആദ്യം തന്നെ ആരംഭിച്ചിരുന്നെങ്കിലും ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നീണ്ടുപോവുകയായിരുന്നു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഇറാഖിലെ യു.എസ് സേനയ്‌ക്കെതിരെ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ 70 ലധികം ആക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം ജനുവരിയില്‍ ബാഗ്ദാദില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള പോപ്പുലര്‍ മൊബലൈസേഷന്‍ യൂണിറ്റിന്റെ മുതിര്‍ന്ന കമാന്‍ഡറായ മുഷ്‌തേഖ് തലേബ് അല്‍-സയിദി കൊല്ലപ്പെട്ടിരുന്നു.
ഇതിന് പുറമെ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും യു.എസ് സൈന്യത്തെ രാജ്യത്ത് നിന്ന് പിന്‍വലിക്കാന്‍ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ യു.എസ് സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍വലിക്കാനുള്ള ഇറാന്റെ ദീര്‍ഘകാല ആവശ്യമാണ് പൂര്‍ത്തികരിക്കാന്‍ പോവുന്നത്.
അതേസമയം യു.എസ് സൈന്യം ഇറാഖില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ മറ്റ് പ്രാദേശിക ശക്തികള്‍ക്ക് താരതമ്യേന ദുര്‍ബലമായ ഇറാഖി ഗവണ്‍മെന്റിന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുര്‍ക്കി വടക്കന്‍ ഇറാഖ് മേഖലയില്‍ കുര്‍ദിഷ് ഗ്രൂപ്പുകള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. ഓഗസ്റ്റില്‍ ഇറാഖും തുര്‍ക്കിയും ചേര്‍ന്ന് വടക്കന്‍ ഇറാഖിലെ തുര്‍ക്കി താവളം ഇറാഖ് സായുധ സേനയിലേക്ക് മാറ്റുമെന്നും സംയുക്ത പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു.
2003ല്‍ സദ്ദാം ഹുസൈന്റെ മരണത്തിന് ശേഷമാണ് യു.എസ് സൈന്യം ഇറാഖില്‍ നിലയുറപ്പിക്കുന്നത്. ഒരുസമയത്ത് സൈനികരുടെ എണ്ണം 1,68,000 വരെ ഉയര്‍ന്നെങ്കിലും 2022ല്‍ ബരാക് ഒബാമയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈന്യത്തെ പൂര്‍ണമായും യു.എസ് പിന്‍വലിച്ചിരുന്നെങ്കിലും പിന്നീട് സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്റ്റേറ്റ് ശക്തി പ്രാപിച്ചതോടെ 2014ല്‍ സൈന്യത്തെ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.
എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് അറിയിക്കുകയും 2024 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനായി സൈനിക പിന്‍മാറ്റം പൂര്‍ണമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വന്ന ബൈഡന്‍ ഭരണകൂടവും ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.
Content Highlight: U.S troop us-troops agreed to withdraw from iraq