വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം പുറത്തു വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്.
അടുത്ത രണ്ടു ദിവസത്തിനകം, അതായത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഞങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടും. ആരാണിത് ചെയ്ത് എന്നും അതില്‍ വെളിപ്പെടുത്തും ട്രംപ് പറഞ്ഞു.
ഒട്ടും കാര്യക്ഷമമല്ലാതെ കൈകാര്യം ചെയ്ത അശ്രദ്ധമായ ഒരു നീക്കമായിരുന്നു ഖഷോഗ്ജിയുടെ കൊലപാതകം എന്നും ട്രംപ് പറഞ്ഞു. ഖഷോഗ്ജി കൊലപാതകം മറച്ചു വെക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമം മറച്ചുവെക്കലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മറച്ചുവെക്കലായിരുന്നുവെന്നും ട്രംപ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.
ഖഷോഗ്ജിയുടെ കൊലപാതക്കത്തിനു ശേഷം നയതന്ത്രപരമായ നിലപാടാണ് അമേരിക്ക സൗദിയോട് സ്വീകരിച്ചിരിക്കുന്നത്. ഒരു വശത്ത് സൗദിയെ വിമര്‍ശിക്കുമ്പോഴും സൗദിയുമായുള്ള ആയുധ കരാറുകള്‍ റദ്ദു ചെയ്യാനോ ഭരണകൂടത്തെ വിമര്‍ശിക്കാനോ ട്രംപ് തയ്യാറായിട്ടില്ല. സൗദി ഭരണകൂടത്തിനെതിരെ എന്തൊക്കെ നടപടികളെടുക്കണം എന്ന് തീരുമാനിക്കാന്‍ തനിക്ക് മറ്റു പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട് എന്നായിരുന്നു ട്രംപിന്റെ നിലപാട്.
Read More ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍: സി.ഐ.എ
ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായികളടക്കം 17 സൗദി ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയും മുതിര്‍ന്ന ഉപദേശകനുമായ സൗദ് അല്‍ ഖതാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിയായിരുന്നു യു.എസ് ഉപരോധം. എന്നാല്‍ സൗദിക്കെതിരെ കൂടുല്‍ കര്‍ശനമായ നടപടി എടുക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിനോടാവശ്യപ്പെട്ടിരുന്നു.
Read More ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം: മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായികള്‍ക്ക് യു.എസിന്റെ വിലക്ക്
അതേസമയം ഖഷോഗ്ജിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജാവാണെന്ന് സി.ഐ.എയിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.