കാബൂള്‍: യു.എസ് സൈനിക പിന്മാറ്റത്തോടെ താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി യു.എസ്.
അഫ്ഗാനിസ്ഥാനിലെ യു.എസ് പദ്ധതികള്‍, യു.എസ് ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ സ്വദേശികള്‍ക്കായാണ് പുതിയ കുടിയേറ്റ പദ്ധതി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അഫ്ഗാനെ പൂര്‍ണമായി കൈയ്യൊഴിയാതിരിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ഏറെയായിരുന്നു.
നിലവില്‍ ഏകദേശം 50,000ത്തോളം അഫ്ഗാന്‍ സ്വദേശികളെ യു.എസില്‍ എത്തിക്കാനുള്ള ‘ഓപ്പറേഷന്‍ അലൈസ് റഫ്യുജി’നു പുറമേയാണ് പുതിയ പദ്ധതി പ്രഖ്യാപ്പിക്കാനുള്ള ഒരുക്കം.
യു.എസ്. ഗവണ്‍മെന്റിനു വേണ്ടി ജോലി ചെയ്തിരുന്നവര്‍, അവരുടെ കുടുംബാഗങ്ങള്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ യു.എസ്സില്‍ എത്തിക്കുന്നത്.
യു.എസ് ഏജന്‍സികള്‍, മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍, ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ശുപാര്‍ശയില്‍ മാത്രമേ പുതിയ പദ്ധതിയില്‍ അഫ്ഗാനികള്‍ക്ക് ഉള്‍പ്പെടാന്‍ സാധിക്കൂ എന്നാണ് സൂചന.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയും അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെയും താലിബാന്‍ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
അതേസമയം താലിബാന്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യു.എന്നിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ 2400 ലധികം അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന നേരത്തെ പറഞ്ഞിരുന്നു. മെയ് മുതല്‍ ജൂണ്‍ വരെയുള്ള രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്നാണ് യു.എന്‍ വൃത്തങ്ങളുടെ റിപ്പോര്‍ട്ട്.
മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച ആക്രമണങ്ങള്‍ ഉച്ചസ്ഥായില്‍ എത്തിയിരിക്കുകയാണ്. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: U.S. to begin new Afghan refugee program