ദമാസ്‌കസ്: രാസായുധം പ്രയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഡൗമയില്‍ ആക്രമണം നടന്നതിന്റെ തെളിവുകള്‍ റഷ്യയും സിറിയയും നശിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളതായി യു.എസ്. ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പരിശോധനക്കായെത്തിയ രാസായുധ പരിശോധനാ സംഘത്തിന് സിറിയയും റഷ്യയും നേരത്തെ സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് പരിശോധനക്ക് അനുമതി നല്‍കുന്നതായി റഷ്യ അറിയിച്ചതിനെ തുടര്‍ന്നാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്ന യു.എസ് വാദം.
“റഷ്യ രാസായുധ ആക്രമണങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടാകാമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു”, യു.എസ് പ്രതിനിധി കെന്നത്ത് വാര്‍ഡ് പറഞ്ഞു. “ഫലപ്രദമായ അന്വേഷണം നടത്താനുള്ള പരിശ്രമങ്ങളെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ അവര്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ നശിപ്പിച്ചിരിക്കാമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു”, അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: സിറിയന്‍ രാസായുധാക്രമണം: അന്താരാഷ്ട്ര രാസായുധ പരിശോധനാ സംഘത്തിന് റഷ്യ അനുമതി നല്‍കി
അതേസമയം, രാസായുധാക്രമണ തെളിവുകള്‍ നശിപ്പിച്ചു എന്ന യു.എസ് ആരോപണത്തെ റഷ്യ നിഷേധിച്ചു. “ആക്രമണം നടന്നെന്ന് ആരോപിക്കപ്പെടുന്ന ഇടങ്ങളില്‍ റഷ്യ ഇടപെടുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു,” റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്വ്‌റോവ് വ്യക്തമാക്കി.
ഏപ്രില്‍ 7ന് സിറിയയില്‍ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച യു.എസ് നേതൃത്വത്തില്‍ ബ്രിട്ടണും ഫ്രാന്‍സും സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. രാസായുധ ആക്രമണം നടന്നിട്ടില്ലെന്ന് റഷ്യയും സിറിയയും നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ് നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണങ്ങളെ റഷ്യ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
Watch DoolNews Video: