വാഷിങ്ടണ്‍: റഷ്യക്ക് സൈനിക സഹായം നല്‍കുന്നതില്‍ നിന്ന് ചൈന പിന്മാറണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വാങ് യി(wang yi) യുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റഷ്യയുമായി ആയുധ കൈമാറ്റത്തിലേര്‍പ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ ചൈന തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ യു.എസ് ആശങ്കാകുലരാണ്. നമുക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈനീസ് ഗവണ്‍മെന്റ് റഷ്യക്ക് സൈനിക സഹായം നല്‍കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.
ഇതില്‍ വെടിക്കോപ്പുകളും ഡ്രോണുകളും ഉള്‍പ്പെടും. ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമായി യു.എസ് കരുതുന്നു.
ഈ വിഷയത്തെക്കുറിച്ച് ചൈനീസ് വക്താവ് വാങ് യിയോട് ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ബന്ധം തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും,’ ബ്ലിങ്കന്‍ പറഞ്ഞു.
എന്നാല്‍ റഷ്യയും ചൈനയും ബ്ലിങ്കന്റെ പരാമാര്‍ശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര മേഖലയില്‍ റഷ്യക്കെതിരെയുള്ള ഉപരോധം കടുപ്പിക്കാനാണ് നാറ്റോയുടെ തീരുമാനം.
യു.എന്നിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നേടിയെടുത്ത സമാധാന ചര്‍ച്ചകളെ നശിപ്പിക്കുന്ന നടപടികളാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ വോള്‍ക്കര്‍ തുര്‍ക്ക് (Volker Turk) അഭിപ്രായപ്പെട്ടു.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ലോകരാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമങ്ങളുണ്ടാവണമെന്നും ജനീവയില്‍ വെച്ച് നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയുടെ ആരോപണത്തില്‍ നേരിട്ട് പ്രതികരിക്കാതിരുന്ന ചൈന വിഷയത്തില്‍ സമവായമാണ് ആവശ്യമെന്ന് അഭിപ്രായപ്പെട്ടു. റഷ്യയും ഉക്രൈനും തമ്മില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ പ്രതിനിധി മാവോ നിങ് അഭിപ്രായപ്പെട്ടു.
‘റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ചൈനയുടെ നിലപാട് തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ വ്യക്തമാക്കിയതാണ്. തുറന്ന ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരമായി പ്രശ്‌നത്തെ പരിഹരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രണ്ട് ഭാഗത്ത് നിന്നുമുള്ള കൂട്ടമായ ശ്രമം ഇതിന് പിന്നിലുണ്ടാവണം,’ അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
Content Highlight: U.S. state secretary Antony Blincon threatening china