വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ബി.സിയില്‍ നടന്ന റെയ്ഡ് ഉള്‍പ്പടെ പരാമര്‍ശിച്ചുകൊണ്ടാണ് അമേരിക്കന്‍ വിമര്‍ശനം.
മണിപ്പൂരില്‍ രൂക്ഷമായ സംഘര്‍ഷമാണുണ്ടായതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങളായ കുകികള്‍ക്കുള്ള അവകാശങ്ങള്‍ മെയ്തികള്‍ക്ക് കൂടി നല്‍കാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം ഉടലെടുത്തു. 200ലധികം ആളുകള്‍ കൊല്ലപ്പെട്ടു. മെയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അറുപതിനായിരത്തിലധികം ആളുകള്‍ക്ക് മണിപ്പൂരില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെയും അവരുടെ സഖ്യകക്ഷികളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബി.ബി.സി ഉള്‍പ്പടെയുള്ള മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ നടപടി പ്രത്യേകം പരമാര്‍ശിച്ചു കൊണ്ടാണ് ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സമര്‍ത്ഥിക്കുന്നത്.
പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഒരു ഡോക്യമെന്ററി പ്രസിദ്ധീകരിച്ചതിനാലാണ് ബി.ബി.സിയില്‍ റെയ്ഡ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡ് ഡോക്യുമെന്ററിയുടെ പേരിലായിരുന്നില്ല എന്ന് പ്രധാനമന്ത്രി തന്നെ പറയുന്നുണ്ടെങ്കിലും 180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പട്ടികയില്‍ 163ാം സ്ഥാനത്താണ ഇന്ത്യയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇത് എക്കാലത്തെയും ഇന്ത്യയുടെ ഏറ്റവും താഴ്ന്ന സ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടലുകള്‍ക്ക് ഇരയാകുന്നു എന്ന് യു.എസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ആഹ്വാനങ്ങലും ഇന്ത്യയില്‍ ഉണ്ടാകുന്നുണ്ടെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് കണ്ടെത്തിയിരിക്കുന്നു.
മോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സാഹചര്യം വളരെ മോശമായെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമ ഭേദഗതിയും മുസ്‌ലിങ്ങളുടെ സ്വത്തുക്കള്‍ തകര്‍ക്കുന്നതുമെല്ലാം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു എന്നതിന്റെ സൂചനകളായി യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അടിയന്തിര മറുപടിയൊന്നുമുണ്ടായിട്ടില്ല എന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
content highlights: U.S. State Department’s Annual Human Rights Report Criticizes India