| Thursday, 9th March 2023, 9:21 pm

നിരപരാധിയായി '21 വര്‍ഷം'; ഒടുവില്‍ സൗദി എഞ്ചിനീയറെ തടവില്‍ നിന്ന് മോചിപ്പിച്ച് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 21 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം സൗദി എഞ്ചിനിയറെ മോചിപ്പിച്ച് അമേരിക്ക. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് സൗദി പൗരന്‍ ഗസാന്‍ അല്‍ ഷരാബിയെ അമേരിക്ക അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ക്യൂബയിലെ കുപ്രസിദ്ധമായ ഗ്വാണ്ടാനാമോ തടവറയിലേക്ക് മാറ്റുകയായിരുന്നു. തീവ്രവാദ വിരുദ്ധ നിയമം ചാര്‍ത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച്ചയാണ് അല്‍ ഷരാബിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ എയറൊനോട്ടിക്കല്‍യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് അല്‍ ഷരാബി.

2022 ഫെബ്രുവരി മുതല്‍ ഗസാന്‍ അല്‍ ഷരാബിയുടെ മോചനത്തിനായി ഒരു റിവ്യൂ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹം ഇനി മുതല്‍ അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയല്ലെന്ന് കണ്ട് യു.എസ് അല്‍ ഷരാബിയെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയാണ്,’ യു.എസ് പ്രസ്താവനയില്‍ പറഞ്ഞു.

തടവില്‍ നിന്നും മോചിപ്പിക്കപ്പെട്ട അല്‍ ഷരാബിയെ വിശദമായ പരിശോധനകള്‍ക്ക് ശേഷം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സൗദിയിലെത്തിക്കുമെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് കടന്ന അല്‍ ഷരാബിയെ ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്‌തെന്നാണ് എഫ്.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അവിടെ വെച്ച് അദ്ദേഹത്തിന് ബോംബുണ്ടാക്കാന്‍ പരിശീലനം ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് പാകിസ്ഥാനില്‍ വെച്ച് അല്‍ ഖ്വയ്ദ തീവ്രവാദികളോടൊപ്പം അറസ്റ്റ് ചെയ്‌തെന്നുമാണ് യു.എസ് പറയുന്നത്.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് വിചാരണക്കാലത്ത് അല്‍ ഷരാബി പറഞ്ഞത്.

ഈ വര്‍ഷം അമേരിക്ക മോചിപ്പിക്കുന്ന നാലാമത്തെ ഗ്വാണ്ടാനമോ തടവുകാരനാണ് അല്‍ ഷരാബി. പാകിസ്ഥാന്‍ പൗരന്മാരായ രണ്ട് തടവുകാരെ കഴിഞ്ഞ മാസം തടവില്‍ നിന്ന് മോചിപ്പിച്ച് കൊണ്ട് അമേരിക്ക ഉത്തരവിറക്കിയിരുന്നു. ഇതിന് തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി.

Content Highlight: U.S State department release saudi engineer from guantanamo

We use cookies to give you the best possible experience. Learn more