| Wednesday, 20th November 2019, 2:25 pm

ഹോങ്കോങ് പ്രക്ഷോഭം;  പിന്തുണയുമായി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോങ് : ഹോങ്കോങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിനെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മേല്‍ നടപടിയെടുക്കാന്‍ യു.എസ്. ഹോങ്കോങ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു.എസ് സെനറ്റംഗങ്ങള്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.’ ഹോങ്കോങ് ഹ്യൂമണ്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി ആക്ട്’ എന്ന ബില്ലാണ് യു.എസ് പാസാക്കാനൊരുങ്ങുന്നത്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി ലഭിച്ച ശേഷമേ ബില്‍ പാസാകൂ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോങ്കോങിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യു.എസ് ഇടപെടേണ്ട എന്നാണ് ഇതിനോട് ചൈന പ്രതികരിച്ചിരിക്കുന്നത്.

ഹോങ്കോങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ വേദിയായിരുന്നു വാഴ്‌സിറിറിയിലെ പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി. നിരവധി പ്രക്ഷോഭകര്‍ ഒത്തു കൂടിയ ഈ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞ ഒരാഴചയ്ക്കിടെ നടന്നത് പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലാണ്. പൊലീസിന്റെ കണക്കു പ്രകാരം ഇതുവരെ 1100 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

പൊലീസിന്റെ ആക്രമണത്തില്‍ പ്രക്ഷോഭകരില്‍ പലരും ക്യാമ്പസ് വിട്ടു പൊലീസില്‍ കീഴടങ്ങിയെങ്കിലും നിരവധി പേരാണ് ക്യാമ്പസിനുള്ളില്‍ ഇപ്പോഴും ഉള്ളത്. ഇതില്‍ പലരും പതിനെട്ട് വയസ്സിനു താഴെയുള്ളവരാണ്.

പൊലീസിനെ  പേടിച്ച് ഇതിനുള്ളില്‍ കഴിയുന്ന ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. ഇവിടെയുണ്ടായ പ്രക്ഷോഭത്തില്‍ ഇതുവരെ 325 പേര്‍ക്ക് പരിക്കു പറ്റിയിട്ടുള്ളതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഹോങ്കോങ് അധികൃതര്‍ വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ ഹോങ്കോങ്കില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി ചൈന പുതിയ പൊലീസ് മേധാവിയെ നിയോഗിച്ചിരുന്നു. ഒപ്പം സമരങ്ങളില്‍ മുഖം മൂടി ധരിക്കുന്നത് നിരോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന ഹോങ്കോങ് ഹൈക്കോടതി വിധിയെ ചൈന എതിര്‍ത്തിരുന്നു. ഹോങ്കോങ്കിലെ ആഭ്യന്തരകാര്യങ്ങളില്‍ തങ്ങള്‍ക്കാണ് പരമാധികാരം എന്നായിരുന്നു ചൈനയുടെ വാദം.

വിവാദമായ കുറ്റവാളി കൈമാറ്റ ബില്ലിനെ തുടര്‍ന്നാണ് ഹോങ്കോങില്‍ പ്രക്ഷോഭം തുടങ്ങുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങിനെ 1997 ലെ കരാര്‍ പ്രകാരം ചൈനയ്ക്ക് കൈമാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more