വാഷിങ്ടണ്‍: ലൈംഗികാതിക്രമക്കേസില്‍ വിചാരണ നേരിടുന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ ഫോക്‌സ് ന്യൂസ് അവതാരകനുമായ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുത്ത് യു.എസ് സെനറ്റ്. പലപ്പോഴും തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന പീറ്റിന്റെ നിയമനത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ അടക്കം എതിര്‍ത്ത് വോട്ട് ചെയ്തിട്ടുണ്ട്. മൂന്ന് റിപബ്ലിക്കന്‍ അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
ലൈംഗികാതിക്രമം, അമിത മദ്യപാനം, ജോലിസ്ഥലത്തെ മോശം പെരുമാറ്റം, മുന്‍ വിവാഹങ്ങളിലെ വിശ്വാസവഞ്ചന തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് പീറ്റ് ഹെഗ്‌സെത്ത്. ഈ ആരോപണങ്ങളുടെ പേരില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റില്‍ ഏറ്റവും കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയനായ വ്യക്തികളില്‍ ഒരാളായിരുന്നു ഹെഗ്സെത്ത്.
ഏകദേശം മൂന്ന് ദശലക്ഷം ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ ഏജന്‍സികളില്‍ ഒന്നിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യത ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ട്രംപ് അടക്കമുള്ള നിരവധി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഹെഗ്സെത്തിന് പിന്തുണ നല്‍കി.
ഹെഗ്സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തീവ്ര വലതുപക്ഷ ചിഹ്നങ്ങളോടുള്ള ഹെഗ്സെത്തിന്റെ അടുപ്പത്തെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്ര വലതുപക്ഷ, നിയോ-നാസി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട രണ്ടോളം ടാറ്റുകല്‍ ഹെഗ്‌സെത്ത് ശരീരത്തില്‍ പച്ച കുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ യുദ്ധമുഖങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്ന സൈനിക ജനറലുകളോടുള്ള പീറ്റിന്റെ ശുപാര്‍ശ ഏറെ വിവാദമായിരുന്നു. തന്റെ ആശങ്ക യുദ്ധത്തില്‍ സേവിക്കുന്ന സ്ത്രീകളെക്കുറിച്ചല്ല, മറിച്ച് യു.എസ് സൈന്യത്തില്‍ ഒരു നിശ്ചിത നിലവാരം നിലനിര്‍ത്തുന്നതിലാണെന്നാണ് ഇദ്ദേഹം പിന്നീട് ഈ പരമാര്‍ശത്തെക്കുറിച്ച് വിശദീകരണം നല്‍കിയത്.
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളില്‍ പരിചയസമ്പന്നനായ ഹെഗ്സെത്ത് പിന്നീട് ഫോക്‌സില്‍ ജോലി ചെയ്യുകയായിരുന്നു. ദേശീയ സുരക്ഷാ കാബിനറ്റ് സ്ഥാനത്തിരിക്കാനുള്ള അനുഭവ സമ്പത്ത് പീറ്റിന് ഇല്ലെന്നാണ് പ്രധാന വിമര്‍ശനം. സാധാരണ ഗതിയില്‍ സിവില്‍ ഉദ്യോഗസ്ഥര്‍, പരിചയസമ്പന്നരായ രാഷ്ട്രീയക്കാര്‍, ജനറലുകള്‍, ഉയര്‍ന്ന തലത്തിലുള്ള എക്‌സിക്യൂട്ടീവുകള്‍ എന്നിവരാണ് ഈ പദവി വഹിക്കുക.
Content Highlight: U.S. Senate Appoints Pete Hegseth as Defense Secretary