സംഘര്‍ഷത്തിന് ശേഷം ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റി യോഗ്യമല്ലെന്ന് അമേരിക്ക: പൊളിറ്റിക്കോ റിപ്പോര്‍ട്ട്
ഗസ: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിന് ശേഷം ഗസയുടെ നിയന്ത്രണം എന്തിന്റെ അടിസ്ഥാനത്തിലാണ് ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കുകയെന്ന ചര്‍ച്ചകള്‍ യു.എസ് നടത്തുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട്.
ഫലസ്തീന്‍ അതോറിറ്റിയെ അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവെക്കാന്‍ സഹായിക്കുക എന്നതാണ് യു.എസിന്റെ പ്രാഥമിക തീരുമാനമെന്ന് അജ്ഞാത സ്രോതസുകളില്‍ നിന്ന് മനസിലാക്കിയതായി പൊളിറ്റിക്കോ വ്യക്തമാക്കി.
ഫലസ്തീന്‍ അതോറിറ്റി നിലവില്‍ വെസ്റ്റ് ബാങ്കിലാണ് ഭരണം നടത്തുന്നത്. ഹമാസ് പരാജയപെടുത്തുന്നതിന് മുമ്പ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അതോറിറ്റി ഗസയുടെ നിയന്ത്രണമായിരുന്നു കൈയ്യാളിയിരുന്നത്.
എന്നാല്‍ പിന്നീട് ഇരു സംഘടനകളും രാഷ്ട്രീയമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒരു ഫലസ്തീന്‍ രാഷ്ട്രത്തിന് കീഴില്‍ വെസ്റ്റ് ബാങ്കിനെയും ഗസയേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
നിലവില്‍ ഗസ ഭരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി യോഗ്യമല്ലെന്ന് വാഷിങ്ടണ്‍ ചൂണ്ടിക്കാട്ടി. അഴിമതിയും കാര്യക്ഷമതയില്ലായ്മയുമാണ് അതിന് കാരണമെന്നും യു.എസ് പറയുന്നു. സംഘര്‍ഷാനന്തര ഗസയില്‍ ഒരു സുരക്ഷാ ഘടന ഉണ്ടായിരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊളിറ്റിക്കോയോട് പറഞ്ഞു.
അതേസമയം കൃത്യമായ സമാധാന ഉടമ്പടി ഇല്ലാതെ ഗസയിലേക്കുള്ള തന്റെ പാര്‍ട്ടിയുടെ തിരിച്ചുവരവ് ഫലസ്തീന്‍ ജനത അംഗീകരിക്കുകയില്ലെന്ന് പി.എയുടെ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫലസ്തീനിയന്‍ അതോറിറ്റി ഗസയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് എഫ് 16 അല്ലെങ്കില്‍ ഇസ്രഈലി ടാങ്കറുകളില്‍ കയറുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.