| Tuesday, 12th May 2015, 9:09 am

ബിന്‍ലാദന്‍ വധം; മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദന്‍ അബട്ടാബാദിലുണ്ടെന്ന വിവരം അമേരിക്കക്ക് ചോര്‍ത്തിക്കൊടുത്തത് മുന്‍ പാകിസ്ഥാനി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണെന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ വാദം അമേരിക്ക തള്ളി. മാധ്യമ പ്രവര്‍ത്തകനായ
സെയ്മര്‍ ഹെര്‍ഷാണ് ബിന്‍ലാദന്‍ വധത്തെ കുറിച്ചുള്ള അമേരിക്കയുടെ വാദങ്ങള്‍ തെറ്റാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

ലണ്ടന്‍ റിവ്യൂ ഓഫ് ബുക്ക്‌സിലെഴുതിയ ലേഖനത്തില്‍ ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന വിവരം അമേരിക്കക്ക് ലഭിച്ചത് ലാദന്റെ കൊറിയര്‍ പിന്തുടര്‍ന്നല്ലെന്നും മറിച്ച് ഒരു മുന്‍ പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫീസര്‍ 25 മില്ല്യണ്‍ ഡോളറിന് ഉസാമയെ കാണിച്ച് കൊടുക്കുകയായിരുന്നെന്നും ഹര്‍ഷ് പറയുന്നു.

2006 മുതല്‍ ഐ.എസ്.ഐയുടെ തടങ്കലിലായിരുന്ന ഉസാമ ബിന്‍ലാദനെ വധിക്കുന്നത് സംബന്ധിച്ചുള്ള വിവരം മുതിര്‍ന്ന സൈനിക ഓഫീസര്‍മാരായ അഷ്ഫാഖ് പര്‍വേസ് കയാനി, ജനറല്‍ അഹമ്മദ് ഷൂജ പാഷ എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നും ഹര്‍ഷ് തന്റെ ലേഖനത്തില്‍ പറയുന്നു

എന്നാല്‍ ഈ വെളിപ്പെടുത്തലുകളെ അമേരിക്ക പൂര്‍ണമായും തള്ളിക്കളഞ്ഞു

ഇക്കാര്യത്തില്‍ നിരവധി അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായ വാദങ്ങളുണ്ടെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷ വക്താവായ എഡ്വേര്‍ഡ് പ്രൈസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എങ്കിലും ഉസാമ ബിന്‍ലാദനെ വധിക്കാനുള്ള പദ്ധതി ഏകപക്ഷീയമായ ഒന്നായിരുന്നുവെന്ന വാദം തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചുരുക്കം ചില ഉന്നതാധികാരികള്‍ക്ക് മാത്രമാണ് ഈ പദ്ധതിയെകുറിച്ച് അറിവുണ്ടായിരുന്നത്.

പാക്കിസ്ഥാനി സര്‍ക്കാരുള്‍പ്പടെ മറ്റൊരു സര്‍ക്കാരിനേയും ഇക്കാര്യം അറിയിക്കരുതെന്ന് നേരത്തെ തന്നെ പ്രസിഡന്റ് തീരുമാനിച്ചിരുന്നു. റെയ്ഡ് കഴിയുന്നത് വരെ അത് അറിയിച്ചിരുന്നുമില്ല. അല്‍ഖാഇദയെ തകര്‍ക്കാനുള്ള സംയുക്തമായ പരിശ്രമത്തില്‍ പാക്കിസ്ഥാനൊപ്പം എപ്പോഴും ഉണ്ടായിരുന്നുവെന്നും അത് തുടരുന്നുണ്ടെന്നും എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ഇതൊരു അമേരിക്കന്‍ ഓപറേഷന്‍ ആയിരുന്നു. എഡ്വേര്‍ഡ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍

ഉസാമയെ കുറിച്ച് അമേരിക്ക പറഞ്ഞതെല്ലാം കെട്ടുകഥയെന്ന്: മാധ്യമ പ്രവര്‍ത്തകന്‍ (11/5/2015)

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; കടലില്‍ സംസ്‌കരിച്ചെന്ന് റിപ്പോര്‍ട്ട് (02/05/2011)
ഉസാമ ബിന്‍ ലാദന്‍: നാള്‍ വഴികള്‍(02/05/2011)
ഒസാമ ബിന്‍ ലാദനെക്കുറിച്ച് മുസ്‌ലിം രാജ്യങ്ങള്‍ ചിന്തിക്കുന്നതെന്ത്?… (02/05/2011)

“ഇസ്‌ലാമിക ഭീകരത” ആരുടെ സൃഷ്ടി?  (22/01/2015)

We use cookies to give you the best possible experience. Learn more