|

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പോരാട്ടം അവസാനഘട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ബറാക് ഒബാമയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോമ്‌നിയും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുന്നതായി സര്‍വേ ഫലങ്ങള്‍.

റിയല്‍ക്ലിയര്‍പൊളിറ്റിക്‌സ് പുറത്തു വിട്ട ദേശീയ സര്‍വേ ഫലത്തില്‍ വെറും 0.1 ശതമാനം മുന്‍തൂക്കമാണ് ബറാക് ഒബാമയ്ക്കുള്ളതെങ്കില്‍ എബിസി ന്യൂസ് പോളില്‍ റോമ്‌നി ഒരു ശതമാനം മുന്‍തൂക്കത്തില്‍ മുന്നിലാണ്.[]

ഒരു പോയന്റ് വ്യത്യാസത്തില്‍ ഒബാമയ്ക്ക് മുന്‍തൂക്കമെന്ന് വിലയിരുത്തുന്ന വാഷിങ്ടണ്‍ പോസ്റ്റ് മല്‍സരത്തിന്റെ പ്രവചനാതീത സ്വഭാവമാണ് വ്യക്തമാകുന്നതെന്ന് വിശദീകരിച്ചു. അതേസമയം, ഇരുസ്ഥാനാര്‍ഥികളും അവസാനഘട്ട പ്രചരണത്തില്‍ സജീവമാണ്.

സി.എന്‍.എന്‍ ഒബാമയ്ക്ക് മൂന്ന് ശതമാനം വോട്ടുകളുടെ മുന്‍തൂക്കം നല്‍കുന്നുണ്ട്. റോയിട്ടേഴ്‌സ് പോളിലാവട്ടെ ഒബാമയ്ക്ക് നേരിയ മൂന്‍തൂക്കമാണ്. ഒബാമ 47 %, റോമ്‌നി 45 എന്നിങ്ങനെയാണ് ഓഹിയോ സംസ്ഥാനം അടിസ്ഥാനമാക്കിയുള്ള സര്‍വേഫലം പറയുന്നത്.

ഇതിനിടെ, 2008 തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മാറ്റം എന്ന മുദ്രാവാക്യം വീണ്ടും പ്രചാരണത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. റോമ്‌നി അമേരിക്കയെ പിന്നോട്ടു മാറ്റുമെന്ന് ഒബാമ പറഞ്ഞു.

ഓഹിയോയില്‍ ഇന്നലെ മൂന്ന് യോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ റോമ്‌നി ഇവിടെ രണ്ട് യോഗങ്ങള്‍ക്ക് എത്തി. നിര്‍ണായകമായ 18 ഇലക്ടറല്‍ വോട്ടുകളാണ് ഓഹിയോയിലുള്ളത്.

വെര്‍ജീനിയ, അയോവ, കൊളറാഡോ, ന്യു ഹാംപ്‌ഷെയര്‍ എന്നീ സംസ്ഥാനങ്ങളിലാവട്ടെ പ്രധാനസര്‍വേകള്‍ ഇരുപക്ഷത്തിനും തുല്യസാധ്യതയാണ് കല്‍പ്പിക്കുന്നതും. മൂന്നു ദിവസം പൂര്‍ണമായും പ്രചാരണം വിട്ട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഒബാമയ്ക്ക് ഗുണകരമായെന്നാണ് സൂചന.