| Monday, 23rd October 2023, 12:46 pm

'ഞാനുമൊരു സയണിസ്റ്റാണ്, സയണിസ്റ്റാകാന്‍ ഒരു ജൂതന്‍ ആകണമെന്ന് വിശ്വസിക്കുന്നില്ല': ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ ഒരു സയണിസ്റ്റ് ആണെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

‘ഒരു സയണിസ്റ്റ് ആകാന്‍ നിങ്ങള്‍ ഒരു ജൂതന്‍ ആകണമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനൊരു സയണിസ്റ്റാണ്’, എന്നായിരുന്നു ഇസ്രഈല്‍ വാര്‍ ക്യാബിനറ്റില്‍ ബൈഡന്റെ പ്രഖ്യാപനം.

ഇസ്രഈല്‍ വാര്‍ ക്യാബിനറ്റിനുള്ളിലെ രാഷ്ട്രീയക്കാരും സൈനികരും കയ്യടിയോട് കൂടിയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈല്‍ നടപടികള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍, നെതന്യാഹുവുമായുള്ള ബൈഡന്റെ യോജിപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില പുരോഗമനവാദികള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്നുണ്ടെന്ന് റോയട്ടേര്‍്‌സ് ചൂണ്ടിക്കാട്ടി.

‘പ്രസിഡന്റ് ബൈഡന്‍ എല്ലാ അമേരിക്കക്കാരും ഇതില്‍ നിങ്ങളോടൊപ്പമല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആളുകളെ വംശഹത്യ ചെയ്യുന്നത് ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിരീക്ഷിക്കുകയാണ്’, അമേരിക്കന്‍ കോണ്‍ഗ്രസിലെ ഒരേയൊരു ഫലസ്തീന്‍ അമേരിക്കന്‍ പ്രതിനിധി റാഷിദ് തലൈബ് പറഞ്ഞു.

ഐറിഷ് കത്തോലിക്കാ വംശജനായ ബൈഡന്‍ ഇസ്രഈലിനോടുള്ള അടുപ്പം പ്രകടിപ്പിക്കാന്‍ മുന്‍പും സമാനമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റോയട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

1973ല്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായ ബൈഡന്‍ അന്നു മുതല്‍ കടുത്ത ഇസ്രഈല്‍ അനുഭാവിയായാണ് അറിയപ്പെടുന്നത്.
യു.എസ് സെനറ്റര്‍ ആയും പിന്നീട് ഒബാമക്ക് കീഴില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയി നിന്നപ്പോഴും, ബൈഡന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.

അടുത്തിടെ യു.എസില്‍ ജൂത വിരുദ്ധ അക്രമങ്ങളുടെ വര്‍ധിച്ച റിപ്പോര്‍ട്ടുകള്‍ സയണിസ്റ്റ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനാണ് ബൈഡന് പ്രേരണയായതെന്നും 36 വര്‍ഷം സെനറ്റില്‍ ഉണ്ടായിരുന്ന ബൈഡന്‍ ഇസ്രഈല്‍ അനുകൂല ഗ്രൂപ്പുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ധനസഹായം പറ്റിയ ആളാണെന്നും റോയട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 42 ലക്ഷം ഡോളര്‍ ഇങ്ങനെ ബൈഡന്‍ ഇസ്രഈല്‍ ഗ്രൂപ്പുകളില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്.

Content Highlight: U.S President Joe Biden says ‘ Am a zionist ‘

We use cookies to give you the best possible experience. Learn more