ആൻ ആർബർ: മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല ക്യാമ്പുകൾ തകർത്ത് യു.എസ് പൊലീസ്. ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ സമരത്തെ അടിച്ചമർത്താൻ വേണ്ടിയായിരുന്നു യു.എസ് പൊലീസ് ക്യാമ്പുകൾ പൊളിച്ചുമാറ്റിയത്.
ഫലസ്തീനികൾക്ക് പിന്തുണ നൽകിക്കൊണ്ട് യൂണിവേഴ്സിറ്റിയിൽ നടന്ന സമരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
പതിറ്റാണ്ടുകളായി യൂണിവേഴ്സിറ്റിയിലെ പ്രതിഷേധങ്ങളുടെ ഇടം എന്നറിയപ്പെടുന്ന ഭാഗത്തായിരുന്നു ക്യാമ്പുകൾ സ്ഥാപിച്ചിരുന്നത്.
പ്രാദേശിക ടെലിവിഷൻ ചാനൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ പൊലീസ് വിദ്യാർത്ഥികളെ സമരമുഖത്ത് നിന്ന് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നത് കാണാം. പ്രതിഷേധിച്ച നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് മാസത്തോളം നീണ്ട് നിന്ന സമരത്തിന് ശേഷമാണ് പ്രതിഷേധക്കാർ ക്യാമ്പുകൾ സ്ഥാപിച്ചത്. ക്യാമ്പുകൾ തകർത്ത ശേഷം പൊലീസ് ലൈബ്രറി ഉൾപ്പടെയുള്ള കെട്ടിടങ്ങൾ അടക്കുകയും യൂണിവേഴ്സിറ്റിയിൽ എത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കുകയും ചെയ്തു.
ക്യാമ്പുകൾ സുരക്ഷാ ഭീഷിണിയുണ്ടാക്കുന്നതിനാലാണ് പൊളിച്ച് കളഞ്ഞതെന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് സാന്ത ഓനോ പറയുന്നത്.
ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളിൽ യൂണിവേഴ്സിറ്റിക്കുള്ള നിക്ഷേപം പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ കമ്പനികളിൽ നേരിട്ട് നിക്ഷേപമില്ലെന്നും കമ്പനികൾ ഉൾപ്പെട്ടേക്കാവുന്ന ഫണ്ടുകളിൽ 15 മില്യൺ ഡോളറിൽ താഴെ മാത്രമാണ് നിക്ഷേപം ഉള്ളു എന്നുമാണെന്നാണ് യൂണിവേഴ്സിറ്റി മുന്നോട്ട് വെക്കുന്ന ന്യായീകരണം.
കഴിഞ്ഞ ആഴ്ച്ച യൂണിവേഴ്സിറ്റി ഭരണസമിതി അംഗമായ സാറാ ഹുബ്ബർഡിന്റെ വീട്ടിൽ എത്തി സമരക്കാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ സൂചകമായി മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ബാഗുകള്‍ അവരുടെ വസതിയ്ക്ക് മുമ്പിൽ വെച്ച ശേഷമാണ് സമരക്കാര്‍ മടങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ ക്യാമ്പുകൾ പൊലീസ് പൊളിച്ചു നീക്കിയത്.
ഇസ്രഈലുമായും ഇസ്രഈലിന് പിന്തുണ നല്‍കുന്ന കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടരുകയാണ്.
ഏപ്രിൽ 18 ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തെ പൊലീസ് അടിച്ചമർത്തിയതോടെ പ്രതിഷേധങ്ങൾ രാജ്യവ്യാപകമാവുകയായിരുന്നു. ഇതുവരെ മൂവായിരത്തിലധികം അറസ്റ്റുകൾ രാജ്യത്തുടനീളം നടന്നു.
Content Highlight: U.S police dismantle pro Palestine encampment at Michigan university