|

ടിക് ടോക്കിനെ നിരോധിക്കാനൊരുങ്ങി യു.എസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ ചൈനീസ് ഓഹരികള്‍ വിറ്റില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആപ്പ് നിരോധിക്കണമെന്നുള്ള ബില്‍ ജനപ്രതിനിധി സഭ ശനിയാഴ്ച പാസാക്കി. എന്നാല്‍ പെട്ടെന്നുള്ള നിരോധനം ഉണ്ടാകില്ലെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും സംയുക്തമായി ആപ്പിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് എന്ന ചൈനീസ് ടെക്നോളജി സ്ഥാപനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചതിനാലാണ് ബില്‍ പാസാക്കിയത്. ഓഹരി വില്പനക്കായി ആറ് മാസത്തെ സമയപരിധിയും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്.

58നെതിരെ 360 വോട്ടുകള്‍ക്ക് പാസാക്കിയ പരിഷ്‌ക്കരിച്ച നടപടി, ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ശേഷം സെനറ്റിലേക്ക് പോയിരിക്കുകയാണ്. നിയമപരമായ വെല്ലുവിളികള്‍ ഉണ്ടായാല്‍ ചിലപ്പോള്‍ സമയപരിധി വീണ്ടും നീണ്ടേക്കാം. എന്നാല്‍ ആപ്പ് ഉപയോഗിക്കാനുള്ള ഉപയോക്താക്കളുടെ അവകാശത്തെ മുന്നറിയിപ്പില്ലാതെ ലംഘിക്കാന്‍ നോക്കിയാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ആപ്പിന്റെ ഉടമകള്‍ അറിയിച്ചു.

‘നിങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതും പൊരുതുന്നതും ഞങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല’ കഴിഞ്ഞ മാസം ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

‘നിങ്ങള്‍ക്കുവേണ്ടി നിങ്ങളൊടൊപ്പം ചേര്‍ന്ന് ഞങ്ങള്‍ ഉണ്ടാക്കിയ ഈ ആപ്പ് സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. അതിനു വേണ്ടി എല്ലാ നിയമ പരിരക്ഷയും ഞങ്ങള്‍ സ്വീകരിക്കും’ ഷൗ സി ച്യൂ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വഴി ഈ ബില്‍ പെട്ടെന്ന് പാസാക്കിയത് ഒരു പ്രത്യേക ആപ്പിനെ ലക്ഷ്യം വെച്ചാണെന്നുള്ള വാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒണ്‍ലൈന്‍ നിയമങ്ങളും പ്രൈവസികളും സംരക്ഷിക്കുന്നതില്‍ അമേരിക്കയിലെ നിയമനിര്‍മാതാക്കള്‍ പരാജയപ്പെട്ടതിനാലാണ് ഇത്തരം നിരോധന നിയമത്തിലേക്ക് നയിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ ടിക് ടോക് നിരോധനം ചൈനക്ക് മേലെയുള്ള ആശങ്കയുടെ പുറത്താണെന്നാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

അമേരിക്കന്‍ ഉപഭോക്താക്കളുടെ ഡാറ്റകള്‍ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് ചൈനക്ക് നല്‍കുന്നുണ്ടോ എന്ന ആശങ്ക അമേരിക്കന്‍ ഇന്റലിജന്‍സും, റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളും പങ്കുവെച്ചു. എന്നാല്‍ ഈ ആശങ്ക ചൈനീസ് കമ്പനി നിഷേധിച്ചു. ഡാറ്റാ കൈമാറ്റത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ പ്രദര്‍ശിപ്പിക്കാനും യു.എസ് ഇന്റലിജന്‍സിന് കഴിഞ്ഞിട്ടില്ല. ഇതും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്.

Content Highlight: U S passed bill to ban Tik Tok app

Latest Stories