വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിനെതിരെ അമേരിക്കന്‍ ഫലസ്തീനികളും സഹായ ഗ്രൂപ്പുകളും നല്‍കിയ കേസില്‍, ഗസയിലെ വംശഹത്യ തടയുന്നതില്‍ ജോ ബൈഡന്‍ പരാജയപ്പെട്ടുവെന്ന് യു.എസ് ജഡ്ജി. കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയാണ് കേസില്‍ വാദം കേട്ടത്
ഗസയിലെ തങ്ങളുടെ കുടുംബാംഗങ്ങളുടെ മരണം തടയാനുള്ള അവസാന ശ്രമമെന്ന നിലയിലും, അന്താരാഷ്ട്ര, ഫെഡറല്‍ നിയമങ്ങളോടുള്ള തന്റെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ബൈഡന്‍ പരാജയപ്പെട്ടുവെന്നും പറഞ്ഞുകൊണ്ടാണ് നിരവധി പേര്‍ കേസ് ഫയല്‍ ചെയ്തത്.
കേസ് തള്ളിക്കളയാന്‍ ബൈഡന്‍ ഭരണകൂടം ഒന്നിലധികം തവണ ശ്രമിച്ചിട്ടും, യു.എസ് ജില്ലാ ജഡ്ജ് ജെഫ്രി എസ് വൈറ്റ് തത്സമയ വാദം കേള്‍ക്കാന്‍ അനുവദിച്ചു.
‘എനിക്ക് എന്റെ സങ്കടമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. വര്‍ഷങ്ങളോളം അവര്‍ ഞങ്ങളെ ദുര്‍ബലരാക്കി, ഞങ്ങളുടെ നിര്‍ജീവ ശരീരങ്ങളില്‍ വെടിയുണ്ടകളും മിസൈലുകളും അഴിച്ചുവിടുന്നത് തുടര്‍ന്നു,’ ഫലസ്തീനില്‍ നിന്നുള്ള സാക്ഷികളില്‍ ഒന്നാമനായ റഫ ആശുപത്രിയിലെ ഡോ. ഒമര്‍ അല്‍ നജ്ജാര്‍ പറഞ്ഞു.
വിസ്താരത്തിനുശേഷം താന്‍ അധ്യക്ഷനായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രയാസമേറിയ കേസാണ് ഇതെന്ന് ജഡ്ജി വൈറ്റ് പറഞ്ഞു.
‘വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍, 27 വര്‍ഷത്തിനിടയില്‍ ഈ കോടതിയുടെ മുമ്പാകെ വന്ന ഏറ്റവും പ്രയാസമേറിയ കേസാണിത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും ദിവസങ്ങളില്‍ ജഡ്ജി വിധി പുറപ്പെടുവിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ യു.എസിന് പങ്കാളിത്തമുണ്ടെന്ന വിമര്‍ശനങ്ങള്‍ അമേരിക്കയിലെ പൊതുജനാഭിപ്രായത്തെ മാറ്റിമറിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗസയില്‍ എങ്ങനെ യുദ്ധം നടത്തണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് ഇസ്രഈലെന്നും അതുകൊണ്ട് ഈ കേസിന് യാതൊരു വിധത്തിലുള്ള പ്രാധാന്യവും ഇല്ലെന്നും ബൈഡന്റെ നിയമസംഘം വാദിച്ചു.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,520 ആയി വര്‍ധിച്ചുവെന്നും 63,367 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
Content Highlight: U.S judge says that Jo Biden failed to prevent genocide