| Sunday, 24th November 2024, 11:15 am

യു.എസ് വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിയമവിരുദ്ധം: ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമെന്ന് ഇറാന്‍. നിലവിലെ വെനസ്വേലന്‍ പ്രസിഡന്റായ നിക്കോളാസ് മഡുറോയെ തള്ളി എഡ്മഡ് ഗോണ്‍സാലസിനെ വെനസ്വേലയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി പ്രഖ്യാപിച്ച യു.എസിന്റെ നടപടിയെ ചൂണ്ടിക്കാണിച്ചാണ് ഇറാന്റെ പ്രതികരണം.

‘വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കയും അതിന്റെ ചില സഖ്യകക്ഷികളും നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് 2019ല്‍ വെനസ്വേലയില്‍ അമേരിക്ക തന്നെ നടത്തിയ ഭിന്നിപ്പിക്കുന്ന ഇടപെടലുകളെയാണ് ഓര്‍മിപ്പിക്കുന്നത്. വെനസ്വേലയില്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് നിക്കോളാസ് മഡുറോ,’ ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മയില്‍ ബഗായി പറഞ്ഞു.

വെനസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ യു.എസ് അനധികൃതമായി ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനവുമാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ വെനസ്വേലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും എതിരായ ആക്രമണങ്ങളായാണ് ഇറാന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കണ്‍ വെനസ്വേലയുടെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റായി എഡ്മുണ്ടോ ഗോണ്‍സാലസിനെ പ്രഖ്യാപിച്ചിരുന്നു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് ബ്ലിങ്കന്‍ ഇ്ക്കാര്യം അറിയിച്ചത്.

‘ജൂലൈ 28ന് വെനസ്വേലന്‍ ജനത ശക്തമായി സംസാരിച്ചു. അവര്‍ ഗോണ്‍സാലസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു,’ ബ്ലിങ്കന്‍ എക്സില്‍ എഴുതി. ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ഗോണ്‍സാലസ് ആണെന്ന് ജോ ബൈഡന്റെ ഭരണകൂടം നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്റെ രാഷ്ട്രീയ അധികാരം എതിരാളിക്ക് കൈമാറിയാല്‍ അമേരിക്ക, മഡുറോയ്ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കാമെന്ന് യു.എസ് മഡുറോയോട് പറഞ്ഞിരുന്നു. നിലവില്‍ യു.എസില്‍ മഡുറോയ്‌ക്കെതിരെ നാര്‍ക്കോ-ടെററിസം കേസുകള്‍ നിലവിലുണ്ട്.

ഇതാദ്യമായല്ല മഡുറോയെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ക്ക് യു.എസ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ തവണ ഒരു ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മഡുറോയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാന്‍ യു.എസ് ശ്രമിച്ചിരുന്നു. കൂടാതെ 2019ല്‍ താല്‍ക്കാലിക പ്രസിഡന്റായി യു.എസ് ജുവാന്‍ ഗ്വാഡിയോയെ നിയമിച്ചിരുന്നു.

2020ല്‍ മഡുറോയ്‌ക്കെതിരെ 12ലധികം കേസുകളിലാണ് യു.എസ് നീതി ന്യായ വകുപ്പ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. ഇതില്‍ നാര്‍ക്കോ-ടെററിസവും ഉള്‍പ്പെട്ടിരുന്നു. മഡുറോയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 15 മില്യണ്‍ ഡോളര്‍ പാരിതോഷികവും യു.എസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.

Content Highlight: U.S. interference in Venezuela’s internal affairs is illegal says Iran

We use cookies to give you the best possible experience. Learn more