ന്യൂയോര്‍ക്ക്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഇപ്പോഴും ശക്തരായതിനാല്‍ സംഘടന ഏത് രീതിയില്‍ ആക്രമണങ്ങള്‍ തൊടുവിടുമെന്നതില്‍ അവ്യക്തതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍.
ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഹമാസ് പ്രവര്‍ത്തകരുടെ മരണസംഖ്യ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പിനെ ഇല്ലാതാക്കുക എന്ന ഇസ്രഈലിന്റെ ലക്ഷ്യത്തിന് ഉതകുന്നതല്ലെന്ന് ഏജന്‍സികള്‍ വിലയിരുത്തുന്നു.
യുദ്ധം മാസങ്ങളോളം നീണ്ടുനിന്നാലും അതിനെ പ്രതിരോധിക്കാനുള്ള ആയുധ ശേഖരം ഹമാസിന്റെ പക്കലുണ്ടെന്നും ഗസയിലെ ചില ഇടങ്ങളിലായി ഹമാസ് പ്രത്യേക പൊലീസ് സേനയെ വിന്യസിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.
20000ത്തിലധികം ഫലസ്തീന്‍ പൗരന്മാരെ കൊന്നൊടുക്കിയിട്ടും ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ഇസ്രഈലിന് സാധിച്ചിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തന്ത്രപരമായാണ് ഹമാസ് ഇസ്രാഈലിനെതിരെ പൊരുതുന്നതെന്നും ഏജന്‍സികള്‍ വെളിപ്പെടുത്തി. സൈനികരെ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ചാണ് സൈനിക നടപടികള്‍ നടത്തുന്നതെന്നും ഇസ്രാഈലി സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്നും ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമേരിക്കന്‍ സൈനിക സിദ്ധാന്തമനുസരിച്ച് 25,30 ശതമാനത്തോളം സൈനികരെ നഷ്ടപെടുന്ന ഒരു പരമ്പരാഗത സേനയെ യുദ്ധം ഫലപ്രദമല്ലാത്തതായി കണക്കാക്കുമെന്നാണ്.
എന്നാല്‍ ഹമാസിനെ സംബന്ധിച്ചിടത്തോളം വലിയ ഭൂപ്രദേശങ്ങളിലും ഗസാ മുനമ്പിന് കീഴിലുള്ള നൂറുകണക്കിന് തുരങ്കങ്ങളിലും നിന്നുകൊണ്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അമേരിക്കയിലെ റിട്ടയേര്‍ഡ് ആര്‍മി ജനറല്‍ ജോസഫ് വോട്ടല്‍ പറഞ്ഞു. ഹമാസിന് ഇനിയും ചെറുത്തുനില്‍ക്കാന്‍ കഴിയുമെന്നും ജോസഫ് വോട്ടല്‍ ചൂണ്ടിക്കാട്ടി.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടുകള്‍ ഇസ്രഈലി സൈന്യത്തിന്റെ 20 മുതല്‍ 30 ശതമാനം വരെയുള്ള പ്രവര്‍ത്തകര്‍ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നു.
ഗസയിലെ സൈനിക നടപടികള്‍ക്കിടയില്‍ വര്‍ധിച്ച തോതില്‍ സൈനികരെ നഷ്ട്ടപ്പെടുന്നതിനെ തുടര്‍ന്ന് ഗോലാനി ബ്രിഗേഡ് അടക്കമുള്ള സൈനിക ഗ്രൂപ്പുകളെ ഇസ്രഈല്‍ സര്‍ക്കാര്‍ ഫലസ്തീനില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
Content Highlight: U.S. intelligence agencies could not say how Hamas would retaliate