സിറിയന്‍ 'വിമത നേതാവ്' അബു ജുലാനിയുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വിലയിട്ട ഉത്തരവ് യു.എസ് പിന്‍വലിച്ചു
World News
സിറിയന്‍ 'വിമത നേതാവ്' അബു ജുലാനിയുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വിലയിട്ട ഉത്തരവ് യു.എസ് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 9:23 am

ഡമസ്‌കസ്: സിറിയ-യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സുപ്രധാന പ്രഖ്യാപനവുമായി അമേരിക്ക. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയന്‍ ‘വിമത നേതാവ്’ അബു ജുലാനിയുടെ തലയ്ക്ക് പത്ത് മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച ഉത്തരവ് യു.എസ് സര്‍ക്കാര്‍ പിന്‍വലിച്ചു.

അബു മുഹമ്മദ് അല്‍ ജുലാനി അഥവാ അഹമ്മദ് അല്‍ ഷറയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഉപേക്ഷിക്കുകയാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ പ്രഖ്യാപിച്ചു. നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്സ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ബാര്‍ബറ ലീഫാണ് ഇക്കാര്യം അറിയിച്ചത്.

2018ലാണ് യു.എസ് എച്ച്.ടി.എസിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത്. സംഘടനുടെ നേതാവാണ് അല്‍ ഷറ എന്നറിയപ്പെടുന്ന അബു മുഹമ്മദ് അല്‍ ജുലാനി. സംഘടനയുടെ തുടക്കത്തില്‍ അല്‍-ഖ്വയ്ദയുമായി ചേര്‍ന്നായിരുന്നു എച്ച്.ടി.എസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ജുലാനിയുടെ ഗ്രൂപ്പ് മറ്റുള്ളവര്‍ക്ക് ഭീഷണി ആവില്ലെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ലീഫ് പറഞ്ഞു.

‘ഞങ്ങളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന ജസ്റ്റിസ് റിവാര്‍ഡ് ഓഫര്‍ ഞങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,’ ലീഫ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ജുലാനിയുടെ സംഘടനയായ എച്ച്.ടി.എസിനെ ഭീകരവാദ പട്ടികയില്‍ നിന്ന് എടുത്തുകളയണോ എന്ന കാര്യം യു.കെ അടക്കമുള്ള രാജ്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ഈ തീരുമാനം വന്നത്.

കഴിഞ്ഞ ദിവസമാണ് ഡമസ്‌കസില്‍ അധികാരം പിടിച്ചെടുത്ത ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമുമായി ചര്‍ച്ചകള്‍ നടത്താന്‍ യു.എസ് പ്രതിനിധി സംഘം ഡമസ്‌കസിലെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ നയതന്ത്ര സംഘം സിറിയയില്‍ എത്തുന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ബാര്‍ബറ ലീഫ്, ജോ ബൈഡന്റെ ബന്ദി മോചനത്തിലെ ഇടനിലക്കാരന്‍ റോജര്‍ കാര്‍സ്റ്റന്‍സ്, ബ്യൂറോ ഓഫ് നിയര്‍ ഈസ്റ്റ് അഫയേഴ്‌സിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡാനിയല്‍ റൂബിന്‍സ്റ്റൈന്‍ എന്നിവരാണുള്ളത്.

Content Highlight: U.S drops 10 million dollar reward for arrest of Syria’s HTS leader Abu Mohammad al-Julani