ഡമസ്‌കസ്: ഡമസ്‌കസില്‍ അധികാരം പിടിച്ചെടുത്ത ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമുമായി ചര്‍ച്ചകള്‍ നടത്താന്‍ യു.എസ് നയപ്രതിനിധി സംഘം ഡമസ്‌കസിലെത്തിയതായി റിപ്പോര്‍ട്ട്.
പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ നയതന്ത്ര സംഘം സിറിയയില്‍ എത്തുന്നത്. അതേസമയം നിലവിലെ ഭരണകൂടമായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമിനെ ഇതുവരെ യു.എസ് ഭീകരവാദപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ബാര്‍ബറ ലീഫ്, ജോ ബൈഡന്റെ ബന്ദി മോചനത്തിലെ ഇടനിലക്കാരന്‍ റോജര്‍ കാര്‍സ്റ്റന്‍സ്, ബ്യൂറോ ഓഫ് നിയര്‍ ഈസ്റ്റ് അഫയേഴ്സിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡാനിയല്‍ റൂബിന്‍സ്‌റ്റൈന്‍ എന്നിവരാണുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണം ഉപേക്ഷിച്ച് റഷ്യയിലേക്ക് പലായനം ചെയ്തത് മുതല്‍ ഡമസ്‌കസ് വലിയ രീതിയിലുള്ള നയതന്ത്ര മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനം നിലച്ച എംബസിയുടെ പ്രവര്‍ത്തനം തുര്‍ക്കി, ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ പുനരാരംഭിച്ചിരുന്നു. ഇവര്‍ക്ക് പുറമെ യു.എസിന്റെയും യൂറോപ്പിന്റെയും മറ്റ് അറബ് രാജ്യങ്ങളുടെയെല്ലാം പ്രതിനിധികള്‍ പുതിയ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
യു.എസ് നയതന്ത്ര സംഘം ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാമിന്റെ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തും. വിമതസംഘത്തെ തീവ്രവാദപ്പട്ടികയില്‍ നിന്ന ഒഴിവാക്കാനുള്ള ചര്‍ച്ചയും കൂടിക്കാഴ്ച്ചയില്‍ നടക്കും. എന്നാല്‍ ഇതിനായി യു.എസ് ഒരു കൂട്ടം നിബന്ധനകള്‍ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് പുറമെ സിറിയയിലെ സാധാരണക്കാരായ ജനങ്ങളുമായും, ആക്ടിവിസ്റ്റുകള്‍, വ്യത്യസ്ത കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍, എന്നിവരുമായെല്ലാം കൂടിക്കാഴ്ച്ചകള്‍ നടത്തുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2012ല്‍ ഡമസ്‌കസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താന്‍ കൂടുതല്‍ വിവരങ്ങളും ചര്‍ച്ചക്കിടയില്‍ പ്രതിനിധി സംഘം തേടും.
Content Highlight: U.S diplomats to visits Syria to meet new authorities under Hayat Tahrir al-Sham