സിവിലിയന്മാരെ സംരക്ഷിച്ചില്ലെങ്കിൽ ഇസ്രഈല്‍ തന്ത്രപരമായ പരാജയം നേരിടും: യു.എസ് പ്രതിരോധ സെക്രട്ടറി
പെന്റഗണ്‍: സിവിലിയന്മാക്കെതിരെയുള്ള അതിക്രമം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹമാസിനെതിരായ ഇസ്രഈല്‍ ഭരണകൂടത്തിന്റെ വിജയം തന്ത്രപരമായ പരാജയമായി മാറുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. കാലിഫോര്‍ണിയയിലെ സിമി വാലിയില്‍ റീഗന്‍ നാഷണല്‍ ഡിഫന്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനും ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും വാഷിങ്ടണ്‍ ഇസ്രഈല്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.
പൗരന്മാരാണ് രാഷ്ട്രത്തിന്റെ ഗുരുത്വാകര്‍ഷണം നിലനിര്‍ത്തുന്നതെന്നും
അവരെ ശത്രുവിന്റെ കൈകളിലേക്ക് ഓടിക്കുകയാണെങ്കില്‍ വിജയത്തിന് പകരം തന്ത്രപരമായ പരാജയമാണ് നല്‍കുകയെന്നും ലോയ്ഡ് ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങള്‍ കൂടുതല്‍ ഫലസ്തീനികളെ ഹമാസ് സായുധ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാരെ സംരക്ഷിച്ചുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് നഗര യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയുള്ളുവെന്നും ലോയ്ഡ് ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നും ഓസ്റ്റിന്‍ ചൂണ്ടിക്കാട്ടി. അതേസമയം അമേരിക്ക ഇസ്രഈലിന്റെ ലോകത്തിലെ ഏറ്റവും നല്ല സുഹൃത്തായി തുടരുമെന്നും ഇസ്രഈലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.