| Thursday, 9th November 2023, 10:45 am

ഫലസ്തീന്‍ അനുകൂല നിലപാടെടുത്തു; റാഷിദ തലൈബിനെ ശാസിച്ച് യു.എസ് പ്രതിനിധി സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ ആക്രമണത്തെക്കുറിച്ച് പ്രസ്താവന നടത്തിയതിന് ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ തലൈബിനെതിരെ വോട്ട് ചെയ്ത് യു.എസ് ജനപ്രതിനിധി സഭ. ഒരു അംഗത്തിന്റെ പ്രസ്താവനയെ ഭൂരിപക്ഷ വോട്ടിലൂടെ നീക്കം ചെയ്യുന്ന രീതിയാണിത്. കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ അമേരിക്കക്കാരിയാണ് റാഷിദ തലൈബ്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രഈല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് തലൈബ് പ്രസ്താവന നടത്തിയെന്നാണ് ആരോപണം.

തലൈബിന്റെ ഫലസ്തീന്‍ അനുകൂല പ്രസ്താവനക്കെതിരെ 234 പേര്‍ വോട്ട് ചെയ്‌തെന്നും 188 പേര്‍ അനുകൂലിച്ചെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള അവരുടെ നിലപാടുകള്‍ നേരത്തെയും വലിയ വിമര്‍ശനം നേരിട്ടിരുന്നു.

ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തെ ‘നദി മുതല്‍ കടല്‍ വരെ, ഫലസ്തീന്‍ സ്വതന്ത്രമാകും’ എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധിക്കുന്നവരുടെ വീഡിയോ തലൈബ് തന്റെ എക്‌സ് പോസ്റ്റിലൂടെ പങ്കിട്ടിരുന്നു.

ഗസയിലെ വംശഹത്യയെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണയ്ക്കുന്നുണ്ട് എന്ന ആഹ്വാനവും വീഡിയോയില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളില്‍ ഉപയോഗിക്കുന്ന ഈ മുദ്രാവാക്യം ഇസ്രഈലിനെ നശിപ്പിക്കാനുള്ള ആഹ്വാനമാണെന്ന് ആന്റി ഡിഫര്‍മേഷന്‍ ലീഗും ജൂതഗ്രൂപ്പുകളും പറഞ്ഞു.

എന്നാല്‍ ഈ മുദ്രാവാക്യം ഇസ്രഈലിന്റെ അധിനിവേശത്തെയും ഉപരോധത്തെയും അവസാനിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ പറഞ്ഞു .

‘സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വേണ്ടിയുള്ള ആഹ്വാനമാണിത്. അല്ലാതെ മരണത്തിനോ നാശത്തിനോ വിദ്വേഷത്തിനോ വേണ്ടിയല്ല ഉപയോഗിച്ചത്,’ റാഷിദ തലൈബ് വ്യക്തമാക്കി.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 10,328 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേരും കുട്ടികളാണ്.

Content Highlight: U.S Congress agianst  Rashida Thalib statement

We use cookies to give you the best possible experience. Learn more