[]വാഷിങ്ടണ്‍: അതിശൈത്യത്തിന്റെ പിടിയിലായ അമേരിക്ക തണുത്തുറയുന്നു. പതിനാറ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അറ്റ്‌ലാന്റയില്‍ 44 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. സ്‌കൂളുകളും, ബിസിനസ്സ് സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.
വെള്ളച്ചാട്ടങ്ങള്‍ പോലും തണുത്തുറഞ്ഞ് മഞ്ഞുഗോപുരങ്ങളായി. “ധ്രുവ സ്‌ഫോടനം” എന്ന പ്രതിഭാസമാണ് അമേരിക്കയെ കൊടുംശൈത്യത്തിന്റെ പിടിയിലാക്കിയത്.
3,700 വിമാനങ്ങള്‍ റദ്ദാക്കിയതായും 7,300 സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകിയതായും അധികൃതര്‍ പറഞ്ഞു. പലയിടത്തും മഞ്ഞുവീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
അമേരിക്കയില്‍ ഭൂരിഭാഗം സ്‌കൂളുകളും ഓഫീസുകളും അടച്ചു. സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനത്തെയും മഞ്ഞുവീഴ്ച ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും.
ഡിട്രോയിറ്റിനും ഷിക്കാഗോയ്ക്കും മധ്യേ റെയില്‍വേ പാളത്തില്‍ മഞ്ഞുമൂടി ട്രെയിന്‍ഗതാഗതം നിലച്ചു. ഓട്ടത്തിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ 500 ഓളം പേര്‍ ഇവിടെ ഒരു ട്രെയിനില്‍ കുടുങ്ങിപ്പോയി.
അമേരിക്കയുടെ മധ്യ, വടക്കന്‍ മേഖലകളില്‍ താപനില മൈനസ് 51 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു.