റിയാദ്: യെമനിനുമേല്‍ യു.എസ് പിന്തുണയോടെ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ ഉപരോധം ലക്ഷണക്കണക്കിന് കുട്ടികളെ പട്ടിണിയിലാക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി യു.എസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. തീരുമാനം എടുക്കാന്‍ അമേരിക്ക ഇനിയും വൈകികൂടെന്ന് ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.
അമേരിക്ക ഇക്കാര്യം സൗദിയോട് സംസാരിക്കണമെന്നും അടിയന്തരമായി യെമനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2015 ലെ ഒബാമയുടെ സര്‍ക്കാര്‍ സൗദി അറേബ്യ യെമനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്തുണ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 115 ബില്ല്യണിന്റെ ആയുധ വ്യാപാരവും സൗദിയും യു.എസും നടത്തുകയും ചെയ്തിരുന്നു. ട്രംപിന്റെ കാലത്ത് യെമന്റെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.
ബൈഡന്‍ യെമന്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ പ്രത്യേക പ്രതിനിധിയെ വെച്ചിട്ടുണ്ട്. എന്നിരുന്നാലും യെമനില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ബൈഡന്‍ നടത്തില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. യെമനുമേലുള്ള സൗദി ഉപരോധം മൂലം പതിനായിരക്കണക്കിന് കുട്ടികളാണ് കടുത്ത പട്ടിണി അനുഭവിക്കുന്നത്. ഉപരോധം മൂലം പെട്രോള്‍ ലഭിക്കാത്തതുകൊണ്ട് തന്നെ ടാങ്കര്‍ ലോറികളെല്ലാം നിര്‍ത്തിയിട്ടിരിക്കുകയാണ്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യെമനില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് യെമന്‍ ജനത കടന്നുപോകുന്നത്. പല രക്ഷിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം പോലും കൊടുക്കാന്‍ വകയില്ലെന്ന് സി.എന്‍.എന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നവജാത ശിശുക്കളുടെ മരണനിരക്കും യെമനില്‍ കൂടുകയാണ്.