വാഷിംഗ്ടണ്‍: മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണത്തെ അപലപിച്ച് അമേരിക്കന്‍ ഔദ്യോഗിക ഏജന്‍സി. വിശ്വസനീയ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമിയെ വിചാരണ പോലും നടത്താതെ ജയിലിലടച്ചെന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വതന്ത്ര ഏജന്‍സിയായ രാജ്യാന്തര മതവവിഭാഗം കമ്മീഷ്ണര്‍ അരുണിമ ഭര്‍ഗവ പ്രസ്താവനയില്‍ പറഞ്ഞു.
’84 കാരനായ സ്റ്റാന്‍ സ്വാമിയുടെ മരണം അങ്ങേയറ്റം ദു:ഖകരമാണ്. ആദിവാസികള്‍ക്കും ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പോരാടിയതിനാണ് ഫാ. സ്റ്റാന്‍ സ്വാമിയെ തടവറയിലാക്കിയത്. ആരോഗ്യനില വഷളായിട്ടും രാജ്യാന്തര മുറവിളി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല,’ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ജനാധിപത്യത്തില്‍ മനുഷ്യാവകാശ പോരാളികളുടെ പങ്ക് എല്ലാ സര്‍ക്കാരുകളും അംഗീകരിക്കണമെന്നും അരുണിമ ഭര്‍ഗവ പറഞ്ഞു. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ അമേരിക്കന്‍ വിദേശ വകുപ്പ് വക്താവും അനുശോചിച്ചു.
അതേസമയം, അതീവ ദു:ഖകരമാണ് വാര്‍ത്ത എന്നാണ് സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഹ്യൂമന്‍ റൈറ്റ്സ് വിഭാഗം പ്രതിനിധിയായ ഈമണ്‍ ഗില്‍മോറും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതി പ്രതിനിധി മേരി ലോവ്ലറും പറഞ്ഞത്.
‘ഇന്ത്യയില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ ദു:ഖത്തിലാഴ്ത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ അന്തരിച്ചു. വ്യാജ ആരോപണങ്ങളുടെ പേരില്‍ തടവില്‍ കഴിഞ്ഞ അദ്ദേഹം 9 മാസങ്ങള്‍ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ ഇത്തരത്തില്‍ തടവിലാക്കിയത് അംഗീകരിക്കാന്‍ കഴിയില്ല,’ മേരി ലോവ്ലര്‍ പറഞ്ഞു.
സ്റ്റാന്‍ സ്വാമിയുടെ മരണം കനത്ത ആഘാതമാണുണ്ടാക്കിയതെന്നും വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാക്കുമെന്നും ഇ.യു. പ്രതിനിധി ഈമണ്‍ ഗില്‍മോര്‍ പറഞ്ഞു.
സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദേശീയ തലത്തിലും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്നാണ് സി.പി.ഐ.എം. പറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: U.S. Agency responds strongly to Stan Swamy’s death