ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി യു.എസ്.എക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനാണ് അമേരിക്ക പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്. ഒടുവില്‍ ആവേശകരമായ സൂപ്പറോവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അമേരിക്ക സ്വന്തമാക്കിയിരിക്കുന്നത്. ഐ.സി.സിയുടെ ടി-20 ലോകകപ്പില്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ വിജയിക്കുന്ന ടീമുകളുടെ പട്ടികയില്‍ മൂന്നാമതായി ഇടം പിടിക്കാനാണ് അമേരിക്കയ്ക്ക് സാധിച്ചത്.
ടി-20 തുടങ്ങിയ 2007ല്‍ ആദ്യ രണ്ട് മത്സരം വിജയിച്ച സൗത്ത് ആഫ്രിക്കയാണ് ഈ ലിസ്റ്റില്‍ മുന്നില്‍ രണ്ടാമതായി 2007ല്‍ ശ്രീലങ്കയും വിജയിച്ച് കേറി. ഇപ്പോള്‍ നീണ്ട 17 വര്‍ഷത്തിന് ശേഷം അമേരിക്കയും ഈ ലിസ്റ്റില്‍ മൂന്നാമതായി എത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വമ്പന്‍മാരായ പാകിസ്ഥാനേയും അമേരിക്ക മലര്‍ത്തിയടിക്കുകയായിരുന്നു.
ഐ.സി.സിയുടെ ടി-20 ലോകകപ്പില്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ വിജയിക്കുന്ന ടീം, വര്‍ഷം
സൗത്ത് ആഫ്രിക്ക – 2007
ശ്രീലങ്ക – 2007
അമേരിക്ക – 2024*
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി ക്യാപ്റ്റന്‍ ബാബര്‍ അസം 43 പന്തില്‍ 44 റണ്‍സും ശതാബ് ഖാന്‍ 25 പന്തില്‍ 40 റണ്‍സും ഷഹീന്‍ അഫ്രീദി 16 പന്തില്‍ പുറത്താവാതെ 23 റണ്‍സും നേടി നിര്‍ണായകമായി.
അമേരിക്കയുടെ ബൗളിങ്ങില്‍ നോസ്തുഷ് കെഞ്ചിഗെ മൂന്ന് വിക്കറ്റും സൗരഭ് നേത്രവല്‍ക്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. അലി ഖാന്‍, ജസ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അമേരിക്കന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ 38 പന്തില്‍ 50 റണ്‍സും ആരോണ്‍ ജോണ്‍സ് 26 പന്തില്‍ പുറത്താവാതെ 36 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.
ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അമേരിക്ക. ജൂണ്‍ ഒമ്പതിന് ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. മറുഭാഗത്ത് ജൂണ്‍ 12ന് ഇന്ത്യയെ തന്നെയാണ് യു.എസ്.എയുടെ എതിരാളികള്‍.
Content Highlight: U.S.A In Record Achievement- t20 world Cup