| Thursday, 9th November 2023, 12:28 pm

'ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം'; യു.എസ്.എ.ഐ.ഡി ജീവനക്കാരുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ അനുകൂലിച്ച് യു.എസ്.എ.ഐ.ഡി (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്) യു.എസ് സര്‍ക്കാറിന് കത്തെഴുതി. ആയിരത്തിലധികം യു.എസ്.എ.ഐ.ഡി ജീവനക്കാര്‍ ഗസ വെടി നിര്‍ത്തലിനെ പിന്തുണച്ച് കത്തില്‍ ഒപ്പിട്ടു.

യു.എസിന്റെ വിദേശ വികസനത്തിനും ലോകമെമ്പാടുമുള്ള മാനുഷിക സഹായത്തിനും മേല്‍നോട്ടം വഹിക്കുന്നതില്‍ യു.എസ്.എ.ഐ.ഡി സംഘടന ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ഗസ ഉപരോധത്തില്‍ ഇസ്രഈലിന് യു.എസ് നല്‍കുന്ന പിന്തുണയ്‌ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.

‘ ഗസയില്‍ അടിയന്തര മാനുഷിക സഹായം എത്തിക്കാനും ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ഉള്ള യു.എസ്.എ.ഐ.ഡിയുടെ ശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

പ്രശ്‌ന മേഖലയില്‍ ഏജന്‍സി സമാധാനം പുനസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള മാനുഷിക സഹായശ്രമങ്ങളും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈല്‍ അനധികൃത അധിനിവേശവും കുടിയേറ്റവും അവസാനിപ്പിക്കണം. അതിനായി അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു,ഗസയില്‍ ഉടന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം.

ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ പുനസ്ഥാപിക്കുകയും വേണം. ഇതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാര്‍ ആവശ്യപ്പെടണം. എങ്കില്‍ മാത്രമേ മനുഷ്യ ജീവന്റെ  നഷ്ടം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ അവര്‍ കത്തില്‍ പരാമര്‍ശിച്ചു.

നവംബര്‍ മൂന്നിന് ഫോറിന്‍ പോളിസി മാസികയും ദി വാഷിങ്ടണ്‍ പോസ്റ്റുമാണ് കത്ത് പ്രസിദ്ധീകരിച്ചത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെയും ഗസയിലെ പൗരന്മാരുടെ കൊലപാതകങ്ങളെയും ജീവനക്കാര്‍ കത്തില്‍ അപലപിച്ചിരുന്നു.

‘ഗസയില്‍ രാഷ്ട്രീയ പ്രശ്‌നപരിഹാരം ആവശ്യമാണ്. അത് ബാന്‍ഡ് എയ്ഡുകള്‍ കൊണ്ട് തീരുന്നതല്ല എന്ന് മനസിലാക്കണം. സംഘര്‍ഷമേഖലകളില്‍ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണ്. പക്ഷേ ആദ്യം അവിടെ ബോംബ് ആക്രമണങ്ങള്‍ നിരോധിക്കെണ്ടതുണ്ട്. യുദ്ധം അവസാനിപ്പിക്കാതെ ഗസക്ക് മാനുഷിക സഹായം മതിയാകില്ല,’ യു.എസ്.എ.ഐ.ഡി യുടെ ജീവനക്കാരന്‍ അല്‍ ജസീറ യോട് പറഞ്ഞു.

Content Highlight: U.S.A.I.D  writes letter supporting cease fire in Gaza

We use cookies to give you the best possible experience. Learn more