അർജന്റീനയെ വീഴ്ത്തി വന്നിട്ടും ഫൈനലിൽ ബ്രസീലിന്‌ കാലിടറി; ചരിത്രവിജയവുമായി യു.എസ്.എ
Football
അർജന്റീനയെ വീഴ്ത്തി വന്നിട്ടും ഫൈനലിൽ ബ്രസീലിന്‌ കാലിടറി; ചരിത്രവിജയവുമായി യു.എസ്.എ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 8:16 am

കോണ്‍കാഫ് വുമണ്‍സ് ഗോള്‍ഡ് കപ്പ് കിരീടം സ്വന്തമാക്കി യു.എസ്.എ. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് യു.എസ്.എ കിരീടം ചൂടിയത്. യു.എസ്.എയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ കോണ്‍കാഫ് വുമണ്‍സ് ഗോള്‍ഡ് കപ്പ് കിരീട നേട്ടമാണിത്.

കാലിഫോര്‍ണിയയിലെ സ്നാപ്ഡ്രാഗണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-3 എന്ന ശൈലിയിലായിരുന്നു കാനറി പട അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമാണ് യു.എസ്.എ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. യു.എസ്.എ താരം ലിന്‍ഡ്‌സീ ഹൊറനാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുമ്പോള്‍ ബ്രസീല്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധം മറികടക്കാന്‍ കാനറി പടക്ക് സാധിച്ചില്ല.

11 ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് എതിര്‍ത്ത ബ്രസീലിലിന് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ സാധിച്ചില്ല. മറുഭാഗത്ത് ഏഴ് ഷോട്ടുകളാണ് ബ്രസീലിന്റെ പോസ്റ്റിലേക്ക് യു.എസ്.എ താരങ്ങള്‍ ഉതിര്‍ത്തത്. ബോള്‍ പൊസഷനില്‍ 57 ശതമാനം മുന്നിട്ട് നിന്ന ബ്രസീലിന് സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്.

Content Highlight: U.S.A beat brazil in Concacaf Womens Gold Cup