തിരുവനന്തപുരം: മകനെ കേന്ദ്രീയ വിദ്യാലത്തില്‍ ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യു. പ്രതിഭാ എം.എല്‍.എ. മികച്ച നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്ക് കുട്ടികളെ വിടാന്‍ ആദ്യം തയ്യാറാവേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്നും പ്രതിഭാ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനോ വിലയിരുത്താനോ നമ്മള്‍ക്കെന്ത് അവകാശമെന്നും പ്രതിഭ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് ആണ് ( ഈ ഫോട്ടോയില്‍ കാണുന്ന മകനോട് സ്‌നേഹം മാത്രം. ഒപ്പം പഠനത്തിന് ആശംസകള്‍ ). രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചത്. അപ്പോള്‍ അത് അവിടുത്തെ ജനങ്ങളെ സംബന്ധിച്ചുമാകും. ഇനി വിഷയത്തിലേക്ക് വരാം. കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അതായത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ആറിനാണ്.
എന്റെ മകന്‍ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങള്‍ വന്നു. യൂണിഫോം വന്നു. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിദ്യാലയങ്ങള്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു..
ഇവിടെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയ്യാറാവേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണ്… ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓണ്‍ലൈന്‍, അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാര്‍ത്ഥികള്‍ക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നല്‍കുന്നത് കണ്ടു. തങ്ങള്‍ ആര്‍ക്കാണോ പ്രചരണം നല്‍കാന്‍ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നത് കണ്ടു. എന്നാല്‍ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവര്‍ത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താന്‍ ..
നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനോ വിലയിരുത്താനോ നമ്മള്‍ക്കെന്ത് അവകാശം.. ജനപ്രതിനിധി ആയി ജില്ലാ പഞ്ചായത്തില്‍ ഇരിക്കെ നിരന്തരമായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ ക്യാംപയിന്‍ ചെയ്യുമായിരുന്നു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിരുന്നു. എന്റെ സഹപ്രവര്‍ത്തകരായിരുന്നു രണ്ട് അംഗങ്ങള്‍ അവരുടെ മക്കളെ അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നും പൊതു വിദ്യാലയത്തിലേക്ക് മക്കളെ മാറ്റി ചേര്‍ത്തു.
നാട് എങ്ങനെയുമാകട്ടെ. നമ്മുടെ മക്കള്‍ സുരക്ഷിതരായി പഠിച്ച് വളരട്ടെ എന്ന് കരുതുന്ന ചിന്താഗതി മാത്രമാണ് ഇവിടെ ചൂണ്ടി കാണിച്ചിട്ടുള്ളത്. ആദര്‍ശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണിയേണ്ടവരല്ല നമ്മള്‍ പൊതുപ്രവര്‍ത്തകര്‍.. സമൂഹത്തിന്റെ ഭാഗമായി നില്‍ക്കേണ്ടവരാണ് നമ്മള്‍. എന്റെ മകനെ അംഗന്‍വാടി മുതല്‍ ഈ നിമിഷം വരെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയില്‍ തന്നെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നും സര്‍ക്കാര്‍ സ്‌കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം.