| Monday, 21st January 2013, 10:30 am

ഉത്തരേന്ത്യയില്‍ കഠിന ശൈത്യം: 5 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കഠിന ശൈത്യത്തില്‍ മരണം അഞ്ചായി.  കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഹിന്ദുസ്ഥാന്‍ – ടിബറ്റ്, കിരാത്പൂര്‍ – മനാലി ദേശീയ പാതകള്‍ അടച്ചു. []

നേരത്തെ അടച്ച ജമ്മു – ശ്രീനഗര്‍ ദേശീയപാത മൂന്നു ദിവസത്തിനു ശേഷം ഇന്നു രാവിലെ തുറന്നു. കഴിഞ്ഞയാഴ്ച അവസാനിച്ചപ്പോള്‍ 6.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ദല്‍ഹിയിലെ താപനില.

സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങള്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി എത്തിപ്പെടാനാവാത്ത സ്ഥിതിയിലാണ്.
ഹിമപാതം മൂലമാണ് ഹിമാചലിലെ കിന്നാവൂര്‍ ജില്ലയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ മഞ്ഞുവീഴ്ച ഇനിയും ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് അധികൃതല്‍ പ്രവചിച്ചിട്ടുണ്ട്.

കെയ്‌ലോങ് ആണ് സംസ്ഥാനത്തെ ഏറ്റവും തണുപ്പു കൂടിയ സ്ഥലം. മൈനസ് 12.5 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. അതേസമയം, മനാലിയില്‍ മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇപ്പോഴുള്ളത്.

ജമ്മു കശ്മീരില്‍ ഇന്നലെ പുതിയ മഞ്ഞുവീഴ്ചയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരാഖണ്ഡില്‍ ഉക്‌തേശ്വറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 1.5 ഡിഗ്രിയായിരുന്നു താപനില.

തലസ്ഥാനമായ ഷിംലയില്‍ 8.8 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിതരണം തടസ്സപ്പെട്ടത് സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more