| Saturday, 21st December 2024, 8:23 am

വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് സംഭല്‍ എം.പിക്ക് 1.91 കോടി രൂപ പിഴയിട്ട് യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സംഭലില്‍ ഷാഹി മസ്ജിദിലെ സര്‍വെയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ സ്ഥലം എം.പി സിയാഉര്‍ റഹ്‌മാന്‍ ബര്‍ഖിനെതിരെ പ്രതികാരനടപടികള്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അനധികൃത നിര്‍മാണം ആരോപിച്ച് സിയാഉറിന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയതിന് പിന്നാലെ ഇപ്പോള്‍ വൈദ്യുതി മോഷ്ടിച്ചുവെന്നാരോപിച്ച് എം.പിക്ക് 1.91 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

സംഭലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എം.പിയാണ് സിയാഉര്‍ റഹ്‌മാന്‍ ബര്‍ഖ്. മീറ്ററുമായി കണക്ട് ചെയ്യാതെ വീട്ടിലേക്കുള്ള വൈദ്യുതി ഉപയോഗിച്ചു എന്നാരോപിച്ചാണ് എം.പിക്ക് നേരെ വൈദ്യുതി ബോര്‍ഡ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എം.പിയുടെ പിതാവിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

അനുവദിച്ച ലോഡിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എം.പിയുടെ വീട്ടില്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി വകുപ്പിന്റെ ഒരു സംഘം രണ്ട് ദിവസം മുമ്പ് സിയാഉറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. മാസങ്ങളായി എം.പിയുടെ വീട്ടില്‍ വൈദ്യുതി ബില്ല് ഇല്ലായിരുന്നുവെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

സംബാലിലെ ദീപ സരായ് പ്രദേശത്താണ് സിയാ ഉറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള ഓടയ്ക്ക് മുകളില്‍ അനധികൃതമായി കോവണിപ്പടികള്‍ നിര്‍മിച്ചുവെന്നാരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ എം.പിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ച് നീക്കിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ സിയാഉറിനെതിരെ അധികൃതര്‍ സ്വീകരിച്ച അഞ്ചാമത്തെ നിയമ നടപടിയാണിത്.

നവംബര്‍ 24ന് നഗരത്തിലെ കോട് ഗാര്‍വി ഏരിയയിലെ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഷാഹി ജുമാ മസ്ജിദില്‍ കോടതി സര്‍വെ ഉത്തരവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

സര്‍വേക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ആറ്‌ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതോടെ അക്രമവുമായി ബന്ധപ്പെട്ട് സിയാഉര്‍ റഹ്‌മാനുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Content Highlight: U.P govt fines Sambhal MP Rs 1.91 crore for allegedly stealing electricity

We use cookies to give you the best possible experience. Learn more