യു.പിയില്‍ 16കാരി നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ പണം കൈപ്പറ്റി പൊലീസ്
national news
യു.പിയില്‍ 16കാരി നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ പണം കൈപ്പറ്റി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2024, 1:18 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ 16കാരി ബലാത്സംത്തിനിരയായ സംഭവത്തില്‍ പണം കൈപ്പറ്റി പരാതി പിന്‍വലിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. സംഭവത്തില്‍ യു.പി പൊലീസിലെ ഒരു ഉദ്യോഗസ്ഥനെ പദവിയില്‍ നിന്ന് നീക്കിയതായും ഒരാളെ സസ്‌പെന്‍ഡ് ചെയ്തതായും ബരാബങ്കി എസ്.പി ദിനേഷ് സിങ് അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബരാബങ്കിയിലെ അങ്കിത്(25) എന്ന പ്രതി 16 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് വിധേയമാക്കുന്നത്. ഇയാള്‍ക്ക് പുറമെ പരാതി പിന്‍വലിക്കാന്‍ ഇയാളുടെ സഹോദരനും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ സഹോദരനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ പ്രതിയായ അങ്കിത് അവളുടെ ഗ്രാമത്തിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും തുടര്‍ന്ന ഗാസിയാബാദിലെ ഹോട്ടലില്‍ കൊണ്ടുപോയി അതിക്രമം ആവര്‍ത്തിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പ്രതി അവളുടെ വീടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് എടുക്കാന്‍ വിസമ്മതിച്ച പൊലീസ് പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് എടുത്തതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടയില്‍ പൊലീസിനെ പണം നല്‍കി സ്വാധീനിച്ച പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഏകദേശം മൂന്ന് ദിവസം പ്രതിയുടെ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നെന്ന് പറഞ്ഞ അവളുടെ അമ്മാവന്‍, പരാതി നല്‍കി കഴിഞ്ഞിട്ടും പ്രതിക്കെതിരെ കേസ് എടുക്കാതിരുന്ന പൊലീസ് അയാളെ പത്ത് മണിക്കൂര്‍ ഒരു മുറിയില്‍ പൂട്ടിയിടുകയാണ് ചെയ്തതെന്നും മാധ്യമങ്ങളോട് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിയും സഹോദരനും അമ്മാവന്റെ സംരക്ഷണയിലാണ് കഴിയുന്നത്.

സംഭവത്തില്‍ കൈക്കൂലി വാങ്ങിയ മസൗലി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അരുണ്‍ പ്രതാപ് സിങ്, സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെ യു.പി പൊലീസ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: U. P cops force rape victim to withdraw complaint after receiving money from accused