| Sunday, 5th September 2021, 1:36 pm

മുസഫര്‍നഗര്‍ മഹാപഞ്ചായത്തിനെ തകര്‍ക്കാന്‍ കുതന്ത്രങ്ങളുമായി യോഗി സര്‍ക്കാര്‍; കര്‍ഷകര്‍ക്കെതിരെ അവസാന വഴിയും തേടി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസഫര്‍നഗര്‍: കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകര്‍ നയിക്കുന്ന പ്രതിഷേധം തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി സര്‍ക്കാര്‍. മുസഫര്‍നഗറില്‍ നടക്കുന്ന മഹാപഞ്ചായത്തിലേക്ക് കര്‍ഷകര്‍ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് നിരവധി ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുസഫര്‍നഗറിലെ ഇന്റര്‍നെറ്റ് സേവനം യോഗി സര്‍ക്കാര്‍ പല തവണ തടസ്സപ്പെടുത്തിയെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ സമ്മേളനത്തിനെത്തുന്നത് തടയാനായി തീവണ്ടികള്‍ വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെത്തിയവരെ മുസഫര്‍നഗറിലെത്തുന്നതില്‍ നിന്നും തടയാനായി രംഗത്തിറക്കിയത് ജില്ലാ ഭരണകേന്ദ്രത്തെയാണെന്നും കര്‍ഷകര്‍ പറയുന്നുണ്ട്. റോഡുകളില്‍ തടസം സൃഷ്ടിച്ചായിരുന്നു ജില്ലാ ഭരണകേന്ദ്രത്തിന്റെ നടപടിയെന്നും ഇവര്‍ പറഞ്ഞു. സമ്മേളനം നടക്കുന്ന പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.

കര്‍ഷകരുടെ മിഷന്‍ യു.പി യോഗി ആദിത്യനാഥ് ഭരണത്തിന്റെയും കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ടുക്കെട്ടിന്റെയും ഉറക്കം കെടുത്താന്‍ തുടങ്ങിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം മുസഫര്‍നഗറില്‍ നടക്കുന്ന മഹാപഞ്ചായത്തിലേക്ക് ആയിരക്കണക്കിന് കര്‍ഷകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് മഹാപഞ്ചായത്ത് നടക്കുന്നത്.

ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ മുസഫര്‍നഗറിലേക്ക് പുറപ്പെട്ടതിന്റെ കാഴ്ചകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ലക്ഷത്തോളം കര്‍ഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (ചാരുണി) പ്രസിഡന്റ് ഗുര്‍ണം സിംഗ് ചാരുണി അറിയിച്ചിരിക്കുന്നത്.

മുസഫര്‍നഗര്‍ മഹാപഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് ഭാവിയിലേക്കുള്ള ചുവടുവെയ്പ്പാണെന്നുമാണ് ജയ് കിസാന്‍ ആന്തോളന്‍ നാഷണല്‍ കണ്‍വീനര്‍ അവിക് സാഹ പ്രതികരിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം കര്‍ഷക സംഘടനകളും സമ്മേളനത്തിനെത്തി ചേരുന്നുണ്ടെന്നും അവിക് സാഹ പറഞ്ഞു.

ഒന്‍പത് മാസം മുന്‍പാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദല്‍ഹിയിലെത്തി പ്രതിഷേധമാരംഭിക്കുന്നത്. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിച്ചേ മതിയാകൂ എന്നുമാണ് കര്‍ഷകരുടെ ആവശ്യം.

‘മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ഇവിടെ ഒത്തുച്ചേര്‍ന്നിരിക്കുന്നത്. ഇവ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ മഹാപഞ്ചായത്തിനെത്തിയ കര്‍ഷകര്‍ പറഞ്ഞു.

പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് കര്‍ഷക നേതാവായ രാകേഷ് ടികായത് അറിയിച്ചത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക് ദളും കിസാന്‍ മഹാപഞ്ചായത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: U P CM ogi Adityanath and PM Narendra Modi plays dirty games to stop farmers from reaching Muzaffarnagar Mahapanchayat

We use cookies to give you the best possible experience. Learn more