യു.പിയിലേത് ഗുണ്ടാരാജ്, പൊലീസുകാര്‍ സുരക്ഷിതരല്ലാത്തിടത്ത് പൊതുജനങ്ങളോ?; പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
national news
യു.പിയിലേത് ഗുണ്ടാരാജ്, പൊലീസുകാര്‍ സുരക്ഷിതരല്ലാത്തിടത്ത് പൊതുജനങ്ങളോ?; പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2020, 1:57 pm

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഗുണ്ടാ രാജിന്റെ മറ്റൊരു ഉദാഹരമാണ് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം വെളിവാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

പൊലീസുകാര്‍ കൂടി സുരക്ഷിതരല്ലെങ്കില്‍ പിന്നെ പൊതുജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഗുണ്ടാരാജിന്റെ മറ്റൊരു ഉദാഹരമാണ് ഉത്തര്‍പ്രദേശില്‍. പൊലീസ് സുരക്ഷിതരല്ലെങ്കില്‍ പിന്നെ പൊതുജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കും? കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

കാന്‍പൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന റെയ്ഡിനിടെയുണ്ടായ വെടിവെപ്പിലാണ് പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.

പൊലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര, സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജ്പുര്‍ മഹേഷ് യാദവ്, ഒരു സബ് ഇന്‍സെപ്ടകടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടി കാന്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കു പറ്റിയ നാല് പൊലീസുദ്യോഗസ്ഥര്‍ ചികിത്സയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ