ഇസ്‌ലമാബാദ്: ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയ അഫ്ഗാന്‍ നടപടിയില്‍ കടുത്ത തീരുമാനങ്ങളുമായി ഐക്യരാഷ്ട്ര സഭ. അഫ്ഗാനിലെ സാന്നിധ്യം തുടരണോയെന്ന് അവലോകനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ ചൊവ്വാഴ്ച അറിയിച്ചു.
സമാനതകളില്ലാത്ത സ്ത്രീകളുടെ അവകാശ ലംഘനമാണിതെന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞു.
യു.എന്‍. മിഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനിമുതല്‍ ജോലിക്ക് പോകേണ്ടതില്ലെന്ന് കഴിഞ്ഞ ആഴ്ച താലിബാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയിറക്കിയിരിക്കുന്നത്.
‘അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു.എന്‍ നിയമങ്ങള്‍ക്കും കീഴിലുള്ള നിയമലംഘനമാണിത്.
ഈ നിരോധനത്തിലൂടെ അഫ്ഗാന്‍ ജനങ്ങള്‍ക്ക് സഹായം ചെയ്ത് നല്‍കുന്നതില്‍ നിന്ന് ഭയാനകമായ തീരുമാനമെടുക്കാന്‍ ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിക്കുകയാണ്,’ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിലവില്‍ 400 അഫ്ഗാന്‍ സ്ത്രീകള്‍ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തകരാണ്. എന്നാല്‍ താലിബാന്റെ വിലക്ക് വന്നതോട് കൂടി യു.എന്‍, അഫ്ഗാന്‍ ജീവനക്കാരായ സ്ത്രീകളോടും പുരുഷന്‍മാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അറിയിച്ചിട്ടുണ്ട്.
2021ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം നിരവധി മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങളാണ് അഫ്ഗാനില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസം തടയുകയും സ്ത്രീകളെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധ സൂചകമായി നിരവധി എന്‍.ജി.ഒകള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.