ഗസയിൽ വേണ്ടിവരിക രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പുനർനിർമാണം; യു.എൻ
World
ഗസയിൽ വേണ്ടിവരിക രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പുനർനിർമാണം; യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2024, 5:38 pm

ഗസ: ഗസയിൽ വേണ്ടിവരിക രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പുനർനിർമാണമാണെന്ന് യു.എൻ.
ഗസയുടെ പുനർനിർമാണത്തിനു ഏകദേശം 40 മില്യൺ ഡോളർ ആവശ്യമാണെന്നാണ് യു.എൻ കണക്കുകൂട്ടുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പൊട്ടാത്ത സ്ഫോടകവസ്തുക്കൾ ഉള്ളതും പുനർനിർമ്മാണം കൂടുതൽ ദുസ്സഹമാക്കും.

ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഹമാസ് നേതാവ് വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചപ്പോഴാണ് ഗസയുടെ പുനർനിർമാണം യു.എന്നിന്റെ ചർച്ചകളിലേക്കെത്തിയത്. ഏഴുമാസം നീണ്ട ഫലസ്തീൻ-ഇസ്രഈൽ യുദ്ധം ഗസ നഗരത്തെ പൂർണമായും തകർത്തുകളഞ്ഞിട്ടുണ്ട്.
ഗസയുടെ ഭൂരിഭാഗം പ്രദേശങ്ങളും കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ ചാരനിറമുള്ള തരിശു ഭൂമിയായി മാറിയിട്ടുണ്ട്.

‘ ഗസയിലെ നാശത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആഗോള സമൂഹം ഇതുവരെയും കൈകാര്യം ചെയ്യാത്ത ഒരു വലിയ ദൗത്യമാണിത്’, യു.എൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ദർദാരി പറഞ്ഞു.
72 ശതമാനത്തോളം ജനവാസകേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടിട്ടുണ്ട് എന്നും യു.എൻ പറഞ്ഞു.

ഓരോ ആഴ്ചയിലും പത്ത് ലക്ഷം പൊട്ടിത്തെറികൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഫോടകവസ്തുക്കളാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉള്ളതെന്നും അതുകൊണ്ട് പുനർനിർമാണം വളരെ ദുസ്സഹമായിരിക്കുമെന്നാണ് ഗസയിലെ സിവിൽ ഡിഫെൻസ് ഓഫീസ് പറയുന്നത്.

2023 ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരായ ഹമാസ് ആക്രമണത്തോടുകൂടിയാണ് യുദ്ധം ആരംഭിക്കുന്നത്. യുദ്ധത്തിൽ കൂടുതലും കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നാണ് ഇസ്രഈലിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ 129 തടവുകാർ ഇപ്പോഴും ഫലസ്തീനിൽ ഉണ്ടെന്നാണന് ഇസ്രഈൽ പറയുന്നത്. ഇതിൽ 35 പേർ വിവിധങ്ങളായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇസ്രഈൽ കണക്കാക്കുന്നു.

എന്നാൽ ഹമാസിനെതിരെയുള്ള ഇസ്രഈലിന്റെ തിരിച്ചുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 34 ,596 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

വിവിധ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യുദ്ധം 40 ദിവസത്തേക്ക് നിർത്താനും ആയിരക്കണക്കിന് ഫലസ്തീനി തടവുകാരെ തിരിച്ചെത്തിക്കാൻ ഇസ്രഇൽ ബന്ദികളെ മോചിപ്പിക്കണം എന്നുമുള്ള ഒരു കരാർ മുന്നോട്ടുവച്ചിരുന്നു. ബ്രിട്ടൻ ആണ് ഈ കരാറിന്റെ വിശദശാംശങ്ങൾ പുറത്തു വിട്ടത്.

 

Content Highlight: U.N statement about Gaza