| Monday, 13th November 2017, 3:57 pm

സ്വച്ഛ്ഭാരതിലൂടെ തോട്ടിവേല അവസാനിപ്പിക്കാനായില്ല; മോദിയുടെ സ്വച്ഛ്ഭാരതിനെ വിമര്‍ശിച്ച് യുഎന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സ്വച്ഛ്ഭാരത് ഇന്ത്യ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍. 2014 ല്‍ ആണ് വളരെ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ട് മോദി സര്‍ക്കാര്‍ സ്വച്ഛ്ഭാരത് പദ്ധതി ആരംഭിക്കുന്നത്.

ഈ പദ്ധതിയുടെ പ്രധാന വാദഗ്ദാനങ്ങളില്‍ ഒന്ന് 2019നുള്ളില്‍ വെളിമ്പ്രദേശത്തെ വിസര്‍ജ്ജനം അവസാനിപ്പിച്ച് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ടോയ്ലറ്റ് സൗകര്യം ഉറപ്പു വരുത്തുക എന്നതായിരുന്നു.

എന്നാല്‍ സ്വച്ഛ്ഭാരത് മിഷനിലൂടെ തോട്ടിവേലയും മനുഷ്യര്‍ കൈ ഉപയോഗിച്ച് വിസര്‍ജ്ജ്യം വാരുന്നതും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല വെള്ളവും സെപ്റ്റിക് ടാങ്കുമില്ലാത്ത ഇത്തരം ശൗചാലയങ്ങളിലൂടെ പ്രശ്നങ്ങള്‍ വര്‍ധിച്ചിട്ടേയുള്ളുവെന്നാണ് ചില ആക്ടിവിസ്റ്റുകള്‍ പറയുന്നതെന്ന്, ശുദ്ധമായ കുടിവെള്ളവും ശൗചാലയവും ഉറപ്പു വരുത്താനുള്ള യുഎന്നിന്റെ പ്രത്യേക സമിതി ചൂണ്ടിക്കാട്ടുകയുണ്ടായി.


Dont Miss ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കി ചുരുക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി


തോട്ടിപണി ചെയ്യുന്നവര്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍, വിദൂര ഗ്രാമീണര്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാക്കാന്‍ പദ്ധതി വേണ്ടത്ര ഊന്നല്‍ നല്‍കിയില്ലെന്നും സമിതി ചെയര്‍മാന്‍ ലിയോ ഹെല്ലര്‍ വിലയിരുത്തുകയുണ്ടായി.

വെളിമ്പ്രദേശത്തെ വിസര്‍ജ്ജനം ഇല്ലാതാക്കാന്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും അതിനെ കുറിച്ചുള്ള ബോധവല്‍ക്കരണവും വേണ്ടത്ര ജലസൗകര്യം ഏര്‍പ്പെടുത്തേണ്ടതും ഈ പദ്ധതിയുടെ സുസ്ഥിരവും സുരക്ഷിതവുമായ നടത്തിപ്പിന് അത്യാവശ്യമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഹെല്ലറിന്റെ വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരസിക്കുകയുണ്ടായി. യുഎന്‍ സമിതി തെറ്റായ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയോ അല്ലെങ്കില്‍ സ്ഥിതിഗതികള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്തിരിക്കുകയാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. യു.എന്‍ പറയുന്ന മനുഷ്യാവകാശങ്ങളെ പൂര്‍ണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അടിസ്ഥാനമില്ലാത്ത വാദങ്ങളെ തള്ളുകയാണെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം.

തോട്ടി പണി അവസാനിപ്പിക്കാന്‍ നിയമം ഉണ്ടായിട്ടും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കൈകാണ്ട് കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നത് ഇപ്പോഴും നിലനില്‍ക്കുന്നു. ദലിത് വിഭാഗത്തില്‍ പെട്ടവര്‍ മാത്രമല്ല, മറ്റു പിന്നാക്ക വിഭാഗത്തില്‍ പെടുന്ന നിരവധി സമുദായക്കാരും ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

ഏകദേശം പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യയിലെ തോട്ടിപണിക്കാരില്‍ 90 ശതമാനവും സ്ത്രീകളാണ്. 1954 ല്‍ ജാതി വിവേചനം അവസാനിപ്പിച്ചുവെങ്കിലും ദളിതര്‍ തോട്ടിപ്പണി തന്നെ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

അടുത്ത കാലത്തായി നിരവധി തൊഴിലാളികളാണ് സെപ്റ്റിക് ടാങ്കുകളിലെ മലിനവായു ശ്വസിച്ചതിലൂടെ മരണപ്പെട്ടതെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ശൗചാലയ പദ്ധതി നടപ്പിലാക്കുന്നതിനായി നല്ലൊരു മാതൃക തന്നെയാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും പക്ഷേ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുകൊണ്ട് കാര്യങ്ങളെ സമീപിക്കേണ്ടതുണ്ടെന്നും ഹെല്ലര്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more