| Thursday, 28th February 2019, 9:55 pm

ഗാസ കൂട്ടക്കുരുതിയ്ക്ക് ഇസ്രഈല്‍ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്രസഭ അന്വേഷണ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ്: ഗാസയില്‍ പ്രതിഷേധിച്ച പലസ്തീന്‍ പൗരന്മാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇസ്രഈല്‍ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണ സംഘം. ഇസ്രഈലി സൈന്യത്തിലെ സ്‌നൈപ്പര്‍മാരും കമാന്‍ഡര്‍മാരും കൊലപാതകം നടത്തിയതിന് തെളിവുകളുണ്ടെന്നും ഇസ്രാഈല്‍ ഇവരെ വിചാരണ ചെയ്യണമെന്നും ഐക്യരാഷ്ട്രസഭ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

“അംഗഭംഗം വന്ന പലസ്തീനി പ്രതിഷേധക്കാരെ പോലും ഇസ്രാഈല്‍ സുരക്ഷാ സേന കൊലപ്പെടുത്തി. മറ്റുള്ളവരെ അപകടപ്പെടുത്തുകയോ ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുകയോ സംഘര്‍ഷങ്ങളില്‍ പങ്കെടുത്തവരോ ആയിരുന്നില്ല കൊല്ലപ്പെട്ടവര്‍” അന്വേഷണ സംഘം പറയുന്നു.

തങ്ങള്‍ എല്ലാ സമയത്തും ഉന്നയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഐക്യരാഷ്ട്രസഭ കണ്ടെത്തിയിരിക്കുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് പറഞ്ഞു. ഗാസയിലും വെസ്റ്റ്ബാങ്കിലും ജെറുസലേമിലും ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത് യുദ്ധക്കുറ്റമാണെന്നും മെഹമൂദ് അബ്ബാസ് പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടിനെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എതിര്‍ത്തു. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് കപടമാണെന്നും കടുത്ത ഇസ്രഈല്‍ വിരുദ്ധതയുടെ പേരില്‍ പടച്ചുണ്ടാക്കിയ കളവുകളാണെന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ നടന്ന “ഗ്രേറ്റ് റിട്ടേണ്‍ ഓഫ് മാര്‍ച്ച്” പ്രതിഷേധത്തിലാണ് ഗാസ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ കൂട്ടക്കൊല നടത്തിയത്.

സായുധരായ പലസ്തീന്‍ തീവ്രവാദികളില്‍ നിന്ന് തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാനുള്ള നടപടിയായാണ് ഇതിനെ ഇസ്രാഈല്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷത്തില്‍ ഒറ്റ ഇസ്രഈല്‍ സൈനികനും കൊല്ലപ്പെട്ടില്ലെന്നും നാല് പേര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് സംഭവിച്ചതെന്നും ഐക്യരാഷ്ട്രസഭാ അന്വേഷണ പാനല്‍ പറയുന്നു.

മാര്‍ച്ച് 30-ഡിസംബര്‍ 31 (2018) വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കിയാണ് യു.എന്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ രേഖകളും ഫോട്ടോകള്‍, വീഡിയോ, ഡ്രോണ്‍ ഫൂട്ടേജുകളും ഇരകളായവരെയും സാക്ഷികളെയും കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഈ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു.

ഇസ്രാഈല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി അംഗമോ അതിന്റെ അധികാരത്തെ അംഗീകരിക്കുകയോ ചെയ്യുന്ന രാഷ്ട്രമല്ല. എന്നാലും പലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ 2015ല്‍ കോടതി അന്വേഷണം തുടങ്ങിവെച്ചിരുന്നു.

ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ ഹമാസിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ഗാസയില്‍ 2 മില്ല്യണ്‍ ജനങ്ങളാണുള്ളത്.

ഇസ്രഈല്‍ സൈന്യം ചെയ്ത കുറ്റങ്ങള്‍ യുദ്ധക്കുറ്റമായോ മനുഷ്യത്വത്തിനെതിരായ അക്രമണമായോ കണക്കാക്കി അടിയന്തരമായി ഇസ്രഈല്‍ അന്വേഷിക്കേണ്ടതാണെന്ന് അര്‍ജന്റീനിയന്‍ നിയവവിദഗ്ധനും ഐക്യരാഷ്ട്രസഭാ പാനലിനെ നയിച്ചയാളുമായ സാന്റിയാഗോ കാന്റണ്‍ പറയുന്നു.

ഗാസയിലെ പ്രതിഷേധക്കാര്‍ സമാധാനപരമല്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ പോലും നിരായുധരായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും രണ്ട് മാധ്യമപ്രവര്‍ത്തകരും മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാരും വ്യക്തമായ സൂചനകള്‍ ധരിച്ചവരായിരുന്നുവെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. റിപ്പോര്‍ട്ട് പറയുന്നു.

“”കുട്ടികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും അംഗഭംഗം വന്നവരെയും ഇസ്രഈല്‍ സൈന്യം മനപൂര്‍വ്വം വെടിവെച്ചതാണ്.”” പാനല്‍ അംഗമായ സാറാ ഹുസൈന്‍ പറയുന്നു.

തന്റെ വീല്‍ചെയറില്‍ ഇരിക്കുമ്പോഴാണ് രണ്ട് കാലുകളുമില്ലാത്ത ആളെ ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊന്നത്. ഊന്നു വടിയുടെ സഹായത്തില്‍ നടന്ന രണ്ട് പലസ്തീനികളെ സൈന്യം തലയ്ക്ക് വെടിവെച്ച് കൊന്നു. സാറാ ഹുസൈന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more