[] യുനൈറ്റഡ് നാഷന്‍സ്: കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് ആണ് അറിയിച്ചത്.
കാശ്മീര്‍ വിഷയത്തിന്റെ പേരില്‍ ഏറെക്കാലമായി ഇന്ത്യയും പാകിസ്ഥാനും തര്‍ക്കത്തിലാണ്. അതിനാല്‍ ഇരുരാജ്യങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ചക്ക് കളമൊരുക്കാനുള്ള നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി വ്യക്തിതാല്‍പര്യങ്ങള്‍ പരിഗണിക്കാതെ നിഷ്പക്ഷമായാണ് യു.എന്‍ ജനറല്‍ സെക്രട്ടറി നിലപാടുകളെടുക്കുന്നതെന്നും ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.
എന്നാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ യു.എന്‍ ഇടപെടേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം പ്രശ്‌നം യു.എന്‍ ഇടപെടലിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം സുഗമമാക്കുന്നതിന് ഇരുരാജ്യങ്ങളും തങ്ങളുടെ കേന്ദ്രബാങ്കുകളുടെ ശാഖ കറാച്ചിയിലും മുംബൈയിലും തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവന്‍ വ്യക്തമാക്കി.