മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനൊരുങ്ങി യു.എന്‍
World News
മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനൊരുങ്ങി യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 9:07 am

വാഷിങ്ടണ്‍: മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളും വിദ്വേഷവും വിവേചനവും തടയുന്നതിന് മാര്‍ച്ച് 15ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. പ്രത്യേകം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് പ്രഖ്യാപനം നടത്തിയത്.

സഭാംഗങ്ങള്‍ ഏകകണ്ഠമായി പ്രമേയത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ഇതാദ്യമായാണ് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം യു.എന്‍ ആചരിക്കുന്നത്.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ 51 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന മാര്‍ച്ച് 15ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ചേര്‍ന്ന അന്താരാഷ്ട്ര ഇസ്‌ലാമിക ഉച്ചകോടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2022ല്‍ യു.എന്‍ പൊതുസഭ വിഷയത്തില്‍ പ്രമേയവും പാസാക്കിയിരുന്നു.

 

ലോകത്താകമാനമുള്ള മുസ്‌ലിങ്ങള്‍ക്കെതിരെ വംശീയമായ അതിക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനതകളില്ലാത്ത വിധം വര്‍ധിച്ചുവെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

‘ലോകത്താകമാനം രണ്ട് ബില്യണിലധികം മുസ്‌ലിങ്ങളുണ്ട്. അവരില്‍ ബഹുഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും വിശ്വാസത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്കും മാറ്റി നിര്‍ത്തലിനും വിധേയരാവുന്നവരാണ് ഇക്കൂട്ടര്‍. മുസ്‌ലിം സ്ത്രീകളാണെങ്കില്‍ അവരുടെ ലിംഗം, വംശം, വിശ്വാസം എന്നിവയില്‍ മൂന്നിരട്ടി വിവേചനമാണ് അനുഭവിക്കുന്നത്. ഈയൊരവസ്ഥ മാറേണ്ടതുണ്ട്,’ ഗുട്ടറസ് പറഞ്ഞു.

ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങള്‍, മത വൈവിധ്യങ്ങള്‍ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സംവാദങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് പാകിസ്ഥാനും തുര്‍ക്കിയും അറബ് പ്രതിനിധികളും വിഷയത്തില്‍ യു.എന്നിന്റെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് പ്രസ്താവനയിറക്കിയിരുന്നു. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ലോകത്താകമാനം മുസ്‌ലിങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ഐക്യരാഷ്ട്ര സഭയുടെ അടിയന്തിര ശ്രദ്ധ വിഷയത്തില്‍ ഉണ്ടാവണമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ പ്രമേയത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.

Content Highlight: U.N observe march 15 as  international day against islamophobia